ഒരു നടൻ എന്നതിലുപരി ദശലക്ഷക്കണക്കിന് ആരാധകർക്ക് ഒരു വികാരം കൂടിയാണ് ‘തലൈവ’ എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന രജനികാന്ത്. അദ്ദേഹത്തിൻ്റെ പേരിൽ ഉള്ള ക്ഷേത്രങ്ങൾ മുതൽ അദ്ദേഹത്തിൻ്റെ സിനിമകളുടെ ഫസ്റ്റ് ഷോ കാണാൻ വേണ്ടി മാത്രം പുലർച്ചെ 4 മണിക്ക് ക്യൂവിൽ നിൽക്കുന്ന ആരാധകർ വരെ, രജനികാന്തിനോടുള്ള ആരാധനയുടെ ഉദാഹരണങ്ങളാണ്. ഇതിഹാസ നടന് ഇന്ന് 74 വയസ്സ്…
സിനിമയിലൂടെ സ്വന്തമായി ഒരു സ്റ്റൈൽ തന്നെ ഉണ്ടാക്കിയെടുത്ത താരത്തിന് നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ നൽകാൻ സാധിച്ചിട്ടുണ്ടെങ്കിലും രജനികാന്തിൻ്റെ കരിയർ ദുരന്തമാക്കി തീർത്ത ഒരു സിനിമ കൂടിയുണ്ടായിരുന്നു. സിനിമ കാരണം വിതരണക്കാർ പാപ്പരാവുകയും താരത്തിന് പണം തിരികെ നൽകേണ്ടി വരികയും ചെയ്തു. എന്നാൽ ഈ സിനിമ ഒരു കൾട്ട് ക്ലാസിക് ആയി ചില പ്രേക്ഷകർ ആരാധിക്കുന്നുമുണ്ട്.
2002ൽ സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ബാബ എന്ന ചിത്രത്തിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റിലീസ് ആയിരുന്നു ഈ ചിത്രത്തിന്റേത്. 17 കോടി രൂപയ്ക്ക് വിതരണക്കാർക്ക് വിറ്റ ചിത്രത്തിന് നിർഭാഗ്യവശാൽ ബോക്‌സ് ഓഫീസിൽ 3 കോടി രൂപ മാത്രമാണ് വീണ്ടെടുക്കാനായത്. ഇത് വലിയ നഷ്ടമുണ്ടാക്കി. സിനിമ ഫ്ലോപ്പ് ആയതുകാരണം നിരവധി വിതരണക്കാർക്ക് സാമ്പത്തിക തകർച്ച നേരിടേണ്ടി വരികയും ചെയ്തു. 2002ൽ പുറത്തിറങ്ങിയ ബാബ അന്ന് വിവാദമായിരുന്നു. സിനിമ കണ്ട് തമിഴർ ക്ഷുഭിതരായിരുന്നു. തിയേറ്ററുകൾ ആക്രമിക്കപ്പെടുകയും ഫിലിം റോളുകൾ കത്തിച്ചു കളയുകയും ചെയ്തിരുന്നു. സിനിമ ഏതെങ്കിലും രാഷ്ട്രീയ ക്യാമ്പെയ്‌ന്റെ ഭാഗമാണോ എന്ന് വരെ അന്ന് ചർച്ച ചെയ്യപ്പെട്ടിരുന്നു.
ബാബയുടെ പരാജയത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ടാണ് രജനികാന്ത് സിനിമയുടെ വിതരണക്കാർക്ക് ഉണ്ടായ നഷ്ടം നികത്തിയത്. ബാബയുടെ പരാജയം രജനികാന്തിനെ വലിയ രീതിയിലാണ് സ്വാധീനിച്ചത്. പരാജയത്തെത്തുടർന്ന് വെള്ളിത്തിരയിൽ നിന്ന് സൂപ്പർസ്റ്റാർ മൂന്ന് വർഷത്തെ ഇടവേള എടുത്തു. കൂടാതെ പൊതുജീവിതത്തിൽ നിന്ന് പിന്മാറുകയും ചെയ്തിരുന്നു. ഇതോടെ കുറച്ചു കാലത്തേക്ക് ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട തലൈവയെ സിനിമകളിൽ കാണാൻ സാധിച്ചില്ല. എന്നാൽ 2005 ൽ അദ്ദേഹം ചന്ദ്രമുഖി എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തി. ഈ സൈക്കോളജിക്കൽ ത്രില്ലർ വൻ വിജയമാവുകയും തെന്നിന്ത്യൻ സിനിമയിലെ സൂപ്പർസ്റ്റാർ എന്ന രജനികാന്തിൻ്റെ സ്ഥാനം തിരിച്ചു പിടിക്കുകയും ചെയ്തു.
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം രജനികാന്തിന്റെ പിറന്നാൾ ആഘോഷത്തോട് അനുബന്ധിച്ച് 2022 ഡിസംബർ 12ന് ആണ് തമിഴ്‌നാട്ടിലെയും പോണ്ടിച്ചേരിയിലെയും തിയേറ്ററുകളിൽ ചിത്രം റീ റിലീസ് ചെയ്തത്. തലൈവരുടെ ജന്മദിനമായതിനാൽ ആരാധകർ സിനിമ ഏറ്റെടുക്കുമെന്ന് കരുതിയെങ്കിലും അത് ഉണ്ടായില്ല. ചിത്രത്തിനായി രജനികാന്ത് വീണ്ടും ഡബ്ബ് ചെയ്യുകയും സിനിമയുടെ ദൈർഘ്യം വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു.
സിനിമയുടെ മ്യൂസിക്, ദൈർഘ്യം, ഡയലോഗുകൾ എന്നിവയുടെയെല്ലാം പേരിലാണ് വിമർശനങ്ങൾ വന്നത്. അതുകൊണ്ട് തന്നെ വീണ്ടുമൊരു പരീക്ഷണത്തിന് ഒരുങ്ങാതെ സിനിമ ഒന്നാകെ നവീകരിച്ച് പ്രേക്ഷകർക്ക് മുന്നിലെത്തിക്കാനുള്ള ശ്രമമായിരുന്നു രജനികാന്തും അണിയറപ്രവർത്തകരും റീ റിലീസിലൂടെ ശ്രമിച്ചത്.
സിനിമയ്ക്കായി വീണ്ടും ഡബ്ബ് ചെയ്യുന്ന രജനികാന്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. സിനിമയുടെ സംവിധായകൻ സുരേഷ് കൃഷ്ണ തന്നെയാണ് സിനിമയുടെ ദൃശ്യങ്ങളുടെ പുനർനിർമ്മാണവും നേരിട്ട് നടത്തിയത്. സിനിമയുടെ ട്രെയ്‌ലർ മണിക്കൂറിനുള്ളിൽ ഒരു മില്യണിലധികം ആൾക്കാരാണ് കണ്ടത്.
‘പടയപ്പ’ എന്ന സിനിമയുടെ വൻ വിജയത്തിന് ശേഷം രജനികാന്തിന്റെതായി പ്രദർശനത്തിന് എത്തിയ ചിത്രമായിരുന്നു ‘ബാബ’. ലോട്ടസ് ഇന്റർനാഷണലിന്റെ ബാനറിൽ രജനികാന്ത് തന്നെയായിരുന്നു സിനിമയുടെ നിർമ്മാണം. പടയപ്പയുടെ വിജയത്തിനു ശേഷം എത്തുന്ന സിനിമ ആയതിനാൽ വൻ പണം മുടക്കിയാണ് വിതരണക്കാർ സിനിമ എടുത്തിരുന്നത്. എന്നാൽ പ്രീ റിലീസ് പബ്ലിസിറ്റി അനുസരിച്ച് ബോക്‌സോഫീസിൽ മുന്നേറാൻ സിനിമയ്ക്ക് സാധിച്ചില്ല.
രജനിയുടെ കരിയറിൽ മാത്രമല്ല, ചിത്രത്തിൽ നായികയായിരുന്ന മനീഷ കൊയ്രാളയുടെയും ദുരന്തസിനിമകളിൽ ഒന്നായി ബാബ മാറി. ബാബയിൽ അഭിനയിച്ചതിന് ശേഷം മനീഷയ്ക്ക് അവസരങ്ങൾ കുറഞ്ഞു. നടി അഭിനയിച്ച ഒടുവിലത്തെ തമിഴ് ചിത്രമാണ് ബാബ. സിനിമ വൻ ദുരന്തമായെങ്കിലും സൂപ്പർ സ്റ്റാറിന്റെ കരിയറിൽ ഈ സിനിമയ്ക്ക് ഒരു സ്ഥാനമുണ്ട്. സൂപ്പർ ചിത്രങ്ങൾക്കിടയിൽ ഈ ദുരന്ത സിനിമയും ഓർമിക്കപ്പെടാറുണ്ട്.