'ഇനി വാഹനമോടിക്കണ്ടെന്ന് ആർടിഒ'; യുട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കി

യുട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് റദ്ദാക്കിയതായി എൻഫോഴ്സ്മെന്റ് ആർടിഒ. തുടർച്ചയായ മോട്ടോർവാഹന നിയമലംഘനത്തിലാണ് നടപടി. കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ ഒരുക്കിയുള്ള കുളിച്ചുള്ള യാത്ര വിവാദമായിരുന്നു.

രണ്ടാഴ്ച മുമ്പാണ് സ്വന്തം വാഹനമായ ടാറ്റാ സഫാരിയിൽ സ്വിമ്മിം​ഗ് പൂളൊരുക്കി സഞ്ജു ടെക്കി യാത്ര നടത്തിയത്. കാറിന് നടുവിലെ രണ്ട് സീറ്റുകൾ മാറ്റി പകരം പ്ലാസ്റ്റിക് ടർപോളിൻ കൊണ്ട് സ്വിമ്മിം​ഗ് പൂൾ തയ്യാറാക്കി. തുടർന്ന് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം അമ്പലപ്പുഴയിലെ റോഡിലൂടെ കാറിനുള്ളിൽ കുളിച്ചു കൊണ്ട് യാത്ര ചെയ്തു. ഇതിൻ്റെ ദൃശ്യങ്ങൾ ട്യൂബിൽ പോസ്റ്റ് ചെയ്തു.

യാത്രക്കിടെ ടര്‍പോളിന് ചോര്‍ച്ചയുണ്ടായി വെള്ളം കാറിനുള്ളിൽ പടർന്നു. എൻജിനിലടക്കം വെള്ളം കയറി. വശത്തെ സീറ്റിലെ എയർ ബാഗ് പൊട്ടിത്തെറിക്കുകയും ചെയ്തു. ഇതോടെ ഇവർ വെള്ളം മുഴുവൻ റോഡിലേയ്ക്ക് ഒഴുക്കിവിട്ടു. യൂട്യൂബിലെ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ആർടിഒ എൻഫോഴ്സ്മെൻ്റ് വിഭാഗം സംഭവത്തിൽ ഇഎംവിഡി ഇടപെടുകയായിരുന്നു. കാർ കസ്റ്റഡിയിലെടുക്കുത്തു.

എന്നാൽ ഇതിന് ശേഷം പിന്നീട് എംവിടിക്കെതിരെ സഞ്ജു വീണ്ടും യൂട്യൂബിൽ പോസ്റ്റിട്ടു. തുടർന്ന് ഹൈക്കോടതി ഇടപെടൽ ഉണ്ടായി. സഞ്ജു ടെക്കിക്കെതിരെ കർശന നടപടിയെടുക്കാൻ ഹൈക്കോടതി നിർദേശം നൽകി. കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ സജ്ജീകരിച്ച് യാത്ര നടത്തിയ സംഭവം വളരെ ഗൗരവമായാണ് കാണുന്നതെന്നും വിഷയത്തിൽ കർശന നടപടി എടുക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞു. ഇതേ തുടർന്ന് ടെക്കിയുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് എംവിഡി അറിയിച്ചു.

അതിനിടെ സഞ്ജു ടെക്കി മോട്ടോര്‍ വാഹന വകുപ്പിന് വിശദീകരണം നല്‍കിയിരുന്നു. മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ നോട്ടീസിനാണ് വിശദീകരണം നല്‍കിയത്. സഞ്ജു ടെക്കിയുടെ വിശദീകരണം പരിശോധിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് എന്‍ഫോഴ്സ്മെന്‍റ് ആര്‍ടിഒ അറിയിച്ചിരുന്നു.