മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖത്തില്‍ വിവാദ പ്രസ്താവന ഉള്‍പ്പെടുത്തിയതിന് പിന്നാലെ ഖേദ പ്രകടനവുമായി ദ ഹിന്ദു. അഭിമുഖത്തിലെ വിവാദമായ മലപ്പുറം പ്രസ്താവന നല്‍കിയത് പിആര്‍ ഏജന്‍സി ആണെന്നായിരുന്നു ദ ഹിന്ദുവിന്റെ വിശദീകരണം. ഓണ്‍ലൈന്‍ പതിപ്പിലൂടെ ആയിരുന്നു ഹിന്ദു ഖേദ പ്രകടനം നടത്തിയത്.
കൈസെന്‍ എന്ന പിആര്‍ ഏജന്‍സിയാണ് മുഖ്യമന്ത്രിയുടെ അഭിമുഖം നല്‍കാമെന്ന് അറിയിച്ച് സമീപിച്ചതെന്നും ഹിന്ദു അറിയിച്ചിട്ടുണ്ട്. പിണറായിയുടെ അഭിമുഖത്തിന് താഴെ നല്‍കിയിരിക്കുന്ന തിരുത്തിലൂടെയാണ് ഹിന്ദു ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. സ്വര്‍ണക്കടത്ത്, ഹവാല പരാമര്‍ശങ്ങള്‍ മുന്‍ വാര്‍ത്ത സമ്മേളനത്തിലേതാണെന്നും പിആര്‍ ഏജന്‍സി അറിയിച്ചിരുന്നതായി ഹിന്ദു വ്യക്തമാക്കി.
പിആര്‍ ഏജന്‍സി അറിയിച്ചത് അനുസരിച്ച് സെപ്റ്റംബര്‍ 29ന് രാവിലെ 9ന് ആയിരുന്നു കേരള ഹൗസില്‍ വച്ച് അഭിമുഖം എടുത്തത്. 30 മിനുട്ട് നീണ്ടുനിന്ന അഭിമുഖത്തില്‍ പിആര്‍ ഏജന്‍സിയുടെ രണ്ട് പ്രതിനിധികള്‍ മുഖ്യമന്ത്രിയ്‌ക്കൊപ്പം ഉണ്ടായിരുന്നു. പിന്നാലെ സ്വര്‍ണക്കടത്ത് ഹവാല വിഷയങ്ങള്‍ അഭിമുഖത്തില്‍ ഉള്‍ക്കൊള്ളിക്കണമെന്ന് പിആര്‍ ഏജന്‍സി ആവശ്യപ്പെടുകയായിരുന്നു.
ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി നിഷേധിച്ച വാചകങ്ങള്‍ ഉള്‍പ്പെടുത്താന്‍ പിആര്‍ ഏജന്‍സി ആവശ്യപ്പെട്ടത് രേഖാമൂലം ആയിരുന്നു. ഇത് അഭിമുഖത്തില്‍ ഉള്‍പ്പെടുത്തിയത് വീഴ്ചയാണ്. ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നു. തെറ്റ് പറ്റിയതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഹിന്ദു വിശദീകരിച്ചു.
Read more
കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ മലപ്പുറം ജില്ലയില്‍ 150 കിലോ സ്വര്‍ണവും 123 കോടിയുടെ ഹവാല പണവും പിടികൂടി. ഈ പണം കേരളത്തിലെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് എത്തുന്നതെന്നായിരുന്നു ഹിന്ദുവിലെ അഭിമുഖത്തില്‍ മുഖ്യമന്ത്രിയുടേതായി പുറത്തുവന്ന വാചകങ്ങള്‍.