വൃക്ക രോഗത്തിന് കാരണമാകുന്ന സൗന്ദര്യ വര്‍ധക വസ്തുക്കള്‍; അന്വേഷണം ആരംഭിച്ച് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം

സംസ്ഥാനത്ത് സൗന്ദര്യവര്‍ധക വസ്തുക്കള്‍ വൃക്ക രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ വിഷയത്തില്‍ അന്വേഷണം ആരംഭിച്ച് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം. മലബാര്‍ മേഖല കേന്ദ്രീകരിച്ചാണ് ഇത്തരം സൗന്ദര്യ വര്‍ധക വസ്തുക്കള്‍ കൂടുതലായും വിപണി പിടിച്ചിരുന്നതെങ്കിലും സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇത്തരം ക്രീമുകള്‍ ലഭ്യമാണ്.

യൂത്ത് ഫെയ്‌സ്, ഫൈസ തുടങ്ങിയ സൗന്ദര്യ വര്‍ധക ക്രീമുകള്‍ ഉപയോഗിച്ച 11 പേരിലാണ് വൃക്കയെ ബാധിക്കുന്ന നെഫ്രോടിക് സിന്‍ഡ്രോം കണ്ടെത്തിയിരുന്നത്. ഫൈസ എന്ന ക്രീം ആമസോണ്‍ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റില്‍ ലഭ്യമാണെങ്കിലും ഉത്പന്നത്തിന്റെ വ്യാജനാണ് മലബാര്‍ മേഖലയില്‍ വിപണനം നടത്തുന്നതെന്നാണ് സൂചന.

വടക്കന്‍ കേരളത്തില്‍ വില്‍ക്കുന്ന ഫൈസ വ്യാജനാണോ ഒറിജിനലാണോ എന്നും കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം പരിശോധിക്കും. എന്നാല്‍ യൂത്ത് ഫെയ്‌സ് എന്ന സൗന്ദര്യ വര്‍ധക ക്രീമില്‍ നിര്‍മ്മാതാക്കളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല. മുംബൈയിലെ ഒരു സ്ഥാപനത്തിന്റെ വിലാസമുണ്ടെങ്കിലും അവര്‍ ഇങ്ങനെയൊരു ക്രീം നിര്‍മ്മിക്കുന്നില്ലെന്നാണ് വിവരം.

യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും ഇത്തരം ക്രീമുകള്‍ വിപണിയില്‍ ലഭ്യമാണ്. അതേ സമയം മലബാര്‍ മേഖലയില്‍ വില്‍ക്കുന്ന ക്രീമുകള്‍ക്ക് ഇറക്കുമതി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇറക്കുമതി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ ഇത്തരം ക്രീമുകള്‍ രാജ്യത്ത് എങ്ങനെ വിപണിയിലെത്തുന്നുവെന്നും കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം അന്വേഷിക്കുന്നുണ്ട്.