അഴിമതിയില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളി മൈക്രോ ഫിനാന്‍സ് കേസില്‍ തുടരന്വേഷണം വേണം; ഉത്തരവ് പുറത്തിറക്കി കോടതി; വെള്ളാപ്പള്ളി വെട്ടില്‍

എസ്എന്‍ഡിപി യോഗം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാന്‍സ് കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

മൈക്രോ ഫിനാന്‍സില്‍ അഴിമതി നടന്നിട്ടില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതിയുടെ കര്‍ശന നിര്‍ദേശം.

മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ 15 കോടിയിലധികം കോടിയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു പരാതി. മുന്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനാണ് മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ ആദ്യം പരാതി നല്‍കിയത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. 124 കേസുകളാണ് സംസ്ഥാനത്തുടനീളം വിജിലന്‍സ് അന്വേഷിച്ചത്.