സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രാദേശിക ഇടപെടല്‍ ശക്തിപ്പെടുത്തണം എന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന്‍. കോവിഡ് പ്രതിരോധത്തിന് പ്രാദേശിക ഇടപെടല്‍ ശക്തിപ്പെടുത്തണം. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അതാത് പ്രദേശത്തെ കോവിഡ് വ്യാപനം സംബന്ധിച്ച് ആഴ്ചയില്‍ ഒരുദിവസം മോണിറ്ററിംഗ് നടത്തണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനുള്ള എക്സ്ഗ്രേഷ്യ ധനസഹായം അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം ലഭ്യമാക്കുന്നതിന് ജനപ്രതിനിധികള്‍ മുന്‍കൈയെടുക്കണം. ഇനിയും അപേക്ഷകള്‍ നല്‍കാത്തവരുടെ അപേക്ഷകള്‍ ശേഖരിച്ച് സമര്‍പ്പിക്കണം. മിക്കവാറും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാര്‍റൂമും റാപ്പിഡ് റെണ്‍സ്പോണ്‍സ് ടീമുകളേയും പുനസംഘടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ അവ സജ്ജമാക്കാത്ത തദ്ദേശ സ്ഥാപനങ്ങള്‍ ഉണ്ടെങ്കില്‍ അത് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണം. വാര്‍ഡ് തല ജാഗ്രതാ സമിതികളുടെ യോഗങ്ങള്‍ ഇടക്കിടെ ചേരണമെന്നും, സി കാറ്റഗറി ജില്ലകളില്‍ വാര്‍ഡ് തല ജാഗ്രതാ സമിതികള്‍ ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തണം എന്നും മന്ത്രി പറഞ്ഞു.
സി.എഫ്.എല്‍.ടി.സി, ഡി.ഡി.സികള്‍ നടത്തുന്നതിനുള്ള സംവിധാനങ്ങള്‍ മിക്കവാറും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ആവശ്യമുള്ള സ്ഥലങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഏര്‍പ്പാടാക്കണം. ഇത്തരം സംവിധാനങ്ങള്‍ ജില്ലാ കേന്ദ്രങ്ങളില്‍ മാത്രം ഒതുങ്ങിപ്പോകരുത്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വാര്‍ഡ് തല ജാഗ്രത സമിതികള്‍ മുഖേന സി.എഫ്.എല്‍.സി.ടി സൗകര്യങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കണം.
തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശത്ത് നേരത്തെ ഉണ്ടായിരുന്ന കമ്മ്യൂണിറ്റി കിച്ചനുകള്‍ കോവിഡ് രൂക്ഷത കുറഞ്ഞ കാലയളവില്‍ നിര്‍ത്തലാക്കിയിരുന്നു. ഇപ്പോഴത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് കമ്മ്യൂണിറ്റി കിച്ചനോ, ജനകീയ ഹോട്ടലുകളോ മുഖേന രോഗികള്‍ക്ക് ഭക്ഷണം എത്തിക്കാനുള്ള ഫലപ്രദമായ ഇടപെടല്‍ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും നടത്തണമെന്ന് അദ്ദേഹം വ്യക്തമാക്കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരുമെന്ന് മന്ത്രി പറഞ്ഞു.