തലസ്ഥാനത്ത് കോവിഡ് സ്ഥിതി അതീവ ഗുരുതരം; രണ്ടിലൊരാൾ പോസിറ്റീവ്

തിരുവനന്തപുരത്തെ കോവിഡ് സാഹചര്യം അതീവ ഗുരുതരമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ടെസ്റ്റ് ചെയ്യുന്ന രണ്ടിലൊരാള്‍ പോസിറ്റീവ് ആവുകയാണ്. കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടക്കുന്നില്ലെങ്കിലും നിലവിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രത്യേക അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന ടി.പി.ആര്‍ ഉള്ള ജില്ല തിരുവനന്തപുരമാണ്. 48 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തിരുവനന്തപുരം നഗരത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങള്‍ തിരിച്ചറിയണം.

ജില്ലയില്‍ കളക്ടര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കും. വിവാഹങ്ങള്‍ 50 പേര്‍ പങ്കെടുക്കണമെന്ന നിര്‍ദേശം പല സ്ഥലങ്ങളിലും ലംഘിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കും.

നിയന്ത്രണങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ ജനങ്ങള്‍ ഗൗരവത്തില്‍ എടുക്കുന്നില്ല എന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. ഈ സ്ഥിതിക്ക് മാറ്റമുണ്ടാവണം. മാളുകള്‍ക്കും നിര്‍ദേശങ്ങള്‍ ബാധകമാണ്. മാളുകളിലെ തിരക്കുകള്‍ നിയന്ത്രിക്കണം. സര്‍ക്കാരിന്റെ എല്ലാ പരിപാടികളും നിലവിലെ സാഹചര്യത്തില്‍ മാറ്റിയിട്ടുണ്ട്. അപ്പോഴും ചില സംഘടനകള്‍ അവര്‍ തീരുമാനിച്ച പരിപാടിയുമായി മുന്നോട്ട് പോകുകയാണ്. അത് ഒരു കാരണവശാലും അംഗീകരിക്കില്ല.

Read more

തിരുവനന്തപുരത്തെ കോവിഡ് വ്യാപനം കുറയ്ക്കുന്നതിനായുള്ള ചില നിര്‍ദേശങ്ങള്‍ സര്‍ക്കാരിലേക്ക് നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ മുഖ്യമന്ത്രിയും ഉന്നതാധികാര സമിതിയുമാണ് തീരുമാനമെടുക്കേണ്ടതെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കി.