വയനാട്ടിലെ ഉരുൾപൊട്ടലിന് കാരണം പശു കശാപ്പ് ആണെന്ന് ബിജെപി നേതാവും രാജസ്ഥാൻ മുൻ നിയമസഭാംഗവുമായ ഗ്യാൻ ദേവ് അഹൂജ. വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായത് കേരളത്തിലെ ഗോവധ സമ്പ്രദായങ്ങൾ മൂലമാണെന്നും പശുക്കളെ കശാപ്പുചെയ്യുന്നിടത്തെല്ലാം ഇത്തരം സംഭവങ്ങൾ തുടരുമെന്നും ബിജെപി നേതാവ് പറഞ്ഞു.
നേരത്തേയും ഇത്തരം വാദങ്ങളുമായി ഗ്യാൻ ദേവ് അഹൂജ രംഗത്തെത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ പുതിയ വാദവുമായി രംഗത്തെത്തിയത്. സംസ്ഥാനത്ത് ഗോഹത്യയുടെ നേരിട്ടുള്ള അനന്തരഫലമാണ് ഉരുൾപൊട്ടലെന്ന് പറഞ്ഞ ഗ്യാൻ ദേവ് അഹൂജ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലും മേഘസ്ഫോടനങ്ങളും ഉരുൾപൊട്ടലുകളും ഉണ്ടാകാറുണ്ടെങ്കിലും വയനാട്ടിലുണ്ടായ അത്രയും വലിയ ജീവഹാനി സംഭവിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
2018 മുതൽ, ഗോഹത്യയിൽ ഉൾപ്പെട്ട പ്രദേശങ്ങൾ ഇത്തരം ദാരുണമായ സംഭവങ്ങൾ അഭിമുഖീകരിക്കുകയാണെന്നും അഹൂജ പറഞ്ഞു. ഗോവധം അവസാനിപ്പിച്ചില്ലെങ്കിൽ കേരളത്തിൽ സമാനമായ ദുരന്തങ്ങൾ തുടരുമെന്നും അഹൂജ കൂട്ടിച്ചേർത്തു. ഗോവധവുമായി ബന്ധപ്പെട്ട പരാമർശങ്ങളുമായി ഗ്യാൻ ദേവ് അഹൂജ വിവാദമുണ്ടാക്കുന്നത് ഇതാദ്യമല്ല.
2017 ഡിസംബറിൽ, ആരെങ്കിലും പശുക്കടത്തിലോ ഗോവധത്തിലോ ഏർപ്പെട്ടാൽ അവരെ തല്ലി കൊല്ലുമെന്ന് ഗ്യാൻ ദേവ് അഹൂജ പറഞ്ഞിരുന്നു. രാജസ്ഥാനിലെ അൽവാർ ജില്ലയിൽ പശുക്കടത്ത് സംഭവത്തെ തുടർന്ന് പശുക്കടത്തുകാരനെന്ന് സംശയിക്കുന്ന ഒരാളെ നാട്ടുകാർ മർദിച്ചതിന് പിന്നാലെയായിരുന്നു അന്ന് ഗ്യാൻ ദേവ് അഹൂജ ഇത്തരമൊരു പരാമർശം നടത്തിയത്. അതിനിടെ 2022 ഓഗസ്റ്റിൽ മറ്റൊരു വിവാദത്തിൽ അഹൂജയ്ക്കെതിരെ എഫ്ഐആർ ചുമത്തിയിരുന്നു. ഇതിന് പുറമെ നിരവധി വിവാദ പരാമർശങ്ങളും ഗ്യാൻ ദേവ് അഹൂജ നടത്തിയിട്ടുണ്ട്.