എല്‍ഡിഎഫിന്റെ ഭാഗമാണ് സിപിഐ; എഡിജിപിയെ മാറ്റുന്നതിനുള്ള മുഹൂര്‍ത്തം കുറിച്ചുവച്ചില്ലെന്ന് ബിനോയ് വിശ്വം

എഡിജിപി എംആര്‍ അജിത്കുമാറിനെ മാറ്റുന്നതിനുള്ള മുഹൂര്‍ത്തം കുറിച്ചുവച്ചില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് വന്നുകഴിഞ്ഞാല്‍ അതിന്റെ വെളിച്ചത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ എന്താണോ ചെയ്യേണ്ടത് അത് ചെയ്യുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

എഡിജിപി എംആര്‍ അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റണമെന്നതാണ് സിപിഐ നിലപാട്.അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി കഴിഞ്ഞ ദിവസം ബിനോയ് വിശ്വം പറഞ്ഞിരുന്നു. സിപിഐ സംസ്ഥാന നിര്‍വാഹക കൗണ്‍സില്‍ യോഗത്തിലാണ് ബിനോയ് വിശ്വം ഇക്കാര്യം അറിയിച്ചത്.

Read more

എഡിജിപിയുടെ വിഷയത്തില്‍ സിപിഐക്കും എല്‍ഡിഎഫിനും നല്ല നിലപാടുണ്ട്. എല്‍ഡിഎഫിന്റെ ഭാഗമാണ് സിപിഐ. ആ സിപിഐക്ക് എല്‍ഡിഎഫിന്റെ നയങ്ങളും കാഴ്ചപ്പാടുകളും ഉയര്‍ത്തിപ്പിടിക്കാനറിയാം. ഏത് വിഷയത്തിലും ഇടതുപക്ഷ പരിഹാരമല്ലാതെ മറ്റൊരു പരിഹാരവും സിപിഐക്കില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.