രാജ്യസഭാ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ നടപടിയുമായി സിപിഐഎം. ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ സിപിഐഎം സീറ്റ് ആവശ്യപ്പെട്ട പാര്‍ട്ടികളുമായി ചര്‍ച്ച നടത്തും. പാർട്ടികളുമായി വേവ്വേറെ ചർച്ച നടത്താനാണ് തീരുമാനം.
സിപിഐക്ക് പുറമെ കേരള കോണ്‍ഗ്രസ് എം, ആര്‍ജെഡി, എന്‍സിപി പാര്‍ട്ടികള്‍ സീറ്റ് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഉഭയകക്ഷി ചര്‍ച്ച നടത്താൻ തീരുമാനമായത്. അടുത്ത ദിവസം തന്നെ ചര്‍ച്ച തുടങ്ങാനാണ് തീരുമാനം. പാര്‍ട്ടികളെ അനുനയിപ്പിച്ച് ഈയാഴ്ച തന്നെ ധാരണയിലെത്താനാണ് സിപിഐഎം നീക്കം.
സംസ്ഥാനത്ത് മൂന്ന് രാജ്യസഭാ സീറ്റുകളാണ് ഇത്തവണ ഒഴിവു വരുന്നത്. മൂന്നും ഇടതുമുന്നണിയിലെ ഘടകകക്ഷികളുടേത്. എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ.മാണി എന്നിവരുടെ രാജ്യസഭാ കാലാവധിയാണ് പൂര്‍ത്തിയാകുന്നത്. നിയമസഭയിലെ അംഗബലം അനുസരിച്ച് രണ്ട് സീറ്റുകളില്‍ എല്‍ഡിഎഫിനും ഒരു സീറ്റില്‍ യുഡിഎഫിനും ജയിക്കാന്‍ കഴിയും. ഇതില്‍ ഒരു സീറ്റ് സിപിഐഎമ്മിനാണ്. ബാക്കിയുള്ള ഒരു സീറ്റിനെച്ചൊല്ലിയാണ് ഇടതുമുന്നണിയില്‍ തര്‍ക്കം നിലനിൽക്കുന്നത്.
നേരത്തെ സീറ്റ് തങ്ങളുടേതാണെന്ന് സിപിഐ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജോസ് കെ.മാണിക്ക് വേണ്ടി സീറ്റ് വേണമെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം. ഇതോടെ സിപിഐയും നിലപാട് കടുപ്പിച്ചു. രാജ്യസഭാംഗത്വവുമായാണ് കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിയുടെ ഭാഗമായത്. പിന്നീടിത് രാജിവച്ചെങ്കിലും 2021 നവംബറില്‍ ഇടതുമുന്നണിയുടെ ഭാഗമായി വീണ്ടും രാജ്യസഭയിലെത്തി. ഈ സാഹചര്യത്തില്‍ സീറ്റ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണൊന്ന് കേരളകോണ്‍ഗ്രസ് വാദം ഉന്നയിച്ചു. അതേസമയം ആര്‍ജെഡിയും എന്‍സിപിയും കൂടി സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.