പൊന്നാനിയിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി സിപിഐഎമ്മിൽ കൂട്ട രാജി. വിവിധ ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി അംഗങ്ങൾ ജില്ലാ നേതൃത്വത്തിന് രാജിക്കത്ത് നൽകി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.എം.സിദ്ദിഖിനെ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ടാണ് അംഗങ്ങളുടെ രാജി.
സിദ്ദിഖിനെ അനുകൂലിച്ച് മണ്ഡലത്തിൽ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ടി.എം.സിദ്ദിഖിനെ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് പൊന്നാനിയിൽ സിപിഐഎം പ്രവര്‍ത്തകർ പ്രകടനം നടത്തിയിരുന്നു.
സ്പീക്കർ പി.ശ്രീരാമകൃഷ്ണനു പകരം ടി.എം സിദ്ദിഖിനെയാണ് പൊന്നാനിയിലേക്ക് സിപിഎം ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ പിന്നീട് സംസ്ഥാന കമ്മിറ്റി അംഗം പി.നന്ദകുമാറിന്റെ പേരു നിർദേശിക്കപ്പെട്ടതോടെയാണ് പ്രതിഷേധങ്ങൾ ഉയർന്നത്. നന്ദകുമാറിനെ മത്സരിപ്പിക്കാനുള്ള സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ നിർദേശം ഞായറാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചിരുന്നു.
പി.നന്ദകുമാറിനെ മത്സരിപ്പിക്കാനുള്ള പാര്‍ട്ടി തീരുമാനത്തിനെതിരെ പൊന്നാനിയില്‍ നടന്ന പ്രകടനത്തില്‍ നൂറു കണക്കിന് ആളുകളാണ് പങ്കെടുത്തത്. ടി.എം. സിദ്ദീഖിനെ സ്ഥാനാര്‍ഥിയാക്കണമെന്ന പൊന്നാനിയിലെ സി.പി.എം പ്രവര്‍ത്തകരുടെ വികാരത്തെ അവഗണിക്കുന്നത് തിരഞ്ഞെടുപ്പില്‍ ദോഷമാകുമെന്ന വികാരവും പാര്‍ട്ടിക്കുളളിലുണ്ട്.
Read more
മലപ്പുറം ജില്ലയുടെ സ്ഥാനാര്‍ത്ഥി പട്ടികയിലെ സാമുദായിക സന്തുലനം കൂടി ഉറപ്പാക്കാനാണ് പി. നന്ദകുമാറിനെ പരിഗണിച്ചതെന്നാണ് നേതൃത്വം നല്‍കുന്ന സൂചന. പി. നന്ദകുമാറിന്റെ സ്വന്തം നിയമസഭ മണ്ഡലം കൂടിയാണ് പൊന്നാനി. ടി.എം. സിദ്ദീഖിന് പുറമെ പി.എസ്.സി ചെയര്‍മാന്‍ എം.കെ. സക്കീറിന്റെ പേരും പൊന്നാനിയിലേക്ക് പരിഗണിച്ചിരുന്നു. അച്ചടക്കം ലംഘിച്ചുളള പ്രാദേശിക വികാരത്തിന് കീഴങ്ങിയാല്‍ അതും തിരഞ്ഞെടുപ്പിനെ ദോഷകരമായി ബാധിക്കുമെന്ന അഭിപ്രായവും സി.പി.എമ്മിനുളളിലുണ്ട്.