പിണറായിയിലെ ബോംബേറ്, പാര്‍ട്ടിക്ക് ബന്ധമില്ല; സ്ഥിരീകരിച്ച് സി.പി.എം

പുന്നോല്‍ ഹരിദാസ് വധക്കേസ് പ്രതി നിജില്‍ ദാസ് ഒളിവില്‍ കഴിഞ്ഞ വീടിനുനേരെയുണ്ടായ ബോംബേറില്‍ ബന്ധമില്ലെന്ന് സിപിഎം. പാര്‍ട്ടി നിര്‍ദേശം നല്‍കിയില്ലെന്ന് പിണറായി ബ്രാഞ്ച് സെക്രട്ടറി കക്കോത്ത് രാജന്‍. സ്വാഭാവികമായ വൈകാരിക പ്രകടനം ഉണ്ടായോ എന്ന് പറയാനാകില്ലെന്നും രാജന്‍ പറഞ്ഞു.

മാഹിയിലെ സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസ് വധക്കേസിലെ പ്രതിയെ താമസിപ്പിച്ച വീടിന് നേരെയാണ് ഇന്നലെ ബോംബേറ് ഉണ്ടായത്. കഴിഞ്ഞ ദിവസം പിടിയിലായ നിജില്‍ ദാസിനെ ഒളിവില്‍ താമസിപ്പിച്ച പിണറായി പാണ്ട്യാല മുക്കിലെ വീടിന് നേരെയായിരുന്നു ബോംബേറ്. ആക്രമണത്തില്‍ വീടിന് കേടുപാടുകള്‍ പറ്റി. പ്രതിയെ ഒളിവില്‍ താമസിപ്പിച്ചതിന് വീട്ടുടമസ്ഥയായ അധ്യാപിക രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പുന്നോല്‍ അമൃത വിദ്യാലയം അധ്യാപികയാണിവര്‍. ഹരിദാസ് വധത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നിജില്‍ ദാസ് ആണെന്ന് തുടക്കം മുതല്‍ സിപിഎം ആരോപിക്കുന്നുണ്ടായിരുന്നു.

ഫെബ്രുവരി 21 തിങ്കളാഴ്ച പുലര്‍ച്ചെയാണ് തലശ്ശേരി പുന്നോല്‍ സ്വദേശി ഹരിദാസിനെ 2 ബൈക്കുകളിലായി എത്തിയ നാലംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്. സ്വന്തം വീടിന് മുന്നില്‍ വച്ച് ഇരുപതോളം വെട്ടേറ്റ ഹരിദാസ് ആശുപത്രിയില്‍ എത്തുന്നതിന് മുമ്പേ മരിച്ചു. കൊലപാതകത്തിന് പിന്നാലെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇരുപതോളം വെട്ടേറ്റാണ് ഹരിദാസന്‍ കൊല്ലപ്പെട്ടതെന്നായിരു്നനു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.