പിവി അന്‍വറിനെ സിപിഎമ്മിന് ഭയം; മുഖ്യമന്ത്രി സ്വയം രാജിവച്ച് ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ പിണറായി വിജയന് യോഗ്യതയില്ലെന്നും സ്വയം രാജിവച്ച് ഒഴിയണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയ്ക്കും എഡിജിപി എംആര്‍ അജിത്കുമാറിനുമെതിരെ പിവി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരിക്കുകയായിരുന്നു വിഡി സതീശന്‍.

ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ ഇന്ന് തന്നെ സസ്‌പെന്റ് ചെയ്യുകയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെ പുറത്താക്കുകയും വേണം. നിലമ്പൂര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലിലൂടെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞു. അജിത് കുമാര്‍ പൂരം കലക്കിയത് ബിജെപിയെ സഹായിക്കാന്‍ വേണ്ടിയാണെന്നും വിഡി സതീശന്‍ പറഞ്ഞു.

ഭരണകക്ഷി എംഎല്‍എ തന്നെ അത് സമ്മതിക്കുകയാണ്. പൂരം കലക്കാന്‍ കമ്മീഷണര്‍ രാവിലെ മുതല്‍ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല. പിവി അന്‍വറിനെ സിപിഎമ്മിന് ഭയമാണ്. അതുകൊണ്ടാണ് അന്‍വറിനെതിരെ നടപടിയെടുക്കാത്തതെന്നും പ്രതിപക്ഷ നേതാവ് ആക്ഷേപം ഉന്നയിച്ചു.

Read more

വിഷയത്തില്‍ പാര്‍ട്ടി സെക്രട്ടറിയുടെ മറുപടി മൗനമാണ്. ഗുണ്ടാസംഘം നാണിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി സിപിഎമ്മിന് ബന്ധമുണ്ടെന്ന് തെളിഞ്ഞെന്നും സതീശന്‍ ആരോപിച്ചു.