കേരളം നടുങ്ങിയിരിക്കുമ്പോള്‍ ആഭ്യന്തര മന്ത്രി കെ-സണ്‍ ഗ്രഹണത്തിലോ; അര്‍ജുന്റെ ജീവന്‍രക്ഷ സിപിഎം ഏറ്റെടുത്തിരിക്കുകയാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനെയും മുത്തച്ഛനെയും പ്രതിയുടെ ബന്ധു കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ സര്‍ക്കാരിനെയും സിപിഎമ്മിനെയും വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുല്‍ സിപിഎമ്മിനെയും സര്‍ക്കാരിനെയും പരിഹസിച്ച് രംഗത്തെത്തിയത്.

ജീവന്‍ രക്ഷാ സ്‌ക്വാഡ് അംഗം അര്‍ജുന്റെ ജീവന്‍രക്ഷ സിപിഎം ഏറ്റെടുത്തിരിക്കുകയാണ്. കേരളം നടുങ്ങിയിരിക്കുമ്പോള്‍ ആഭ്യന്തരമന്ത്രി കെ സണ്‍ ഗ്രഹത്തിലാണോ എന്നും രാഹുല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചു. വണ്ടിപ്പെരിയാറിലെ കുഞ്ഞിന്റെ അച്ഛനെയും മുത്തച്ഛനെയും പ്രതിയായ ഡിവൈഎഫ്‌ഐ നേതാവ് അര്‍ജ്ജുന്റെ ചെറിയച്ഛന്‍ കുത്തി പരുക്കേല്പ്പിച്ചിട്ട് സിപിഎം ഓഫീസില്‍ കയറി ഒളിച്ചെന്നും രാഹുല്‍ കുറിച്ചു.

അതേ സമയം ഇന്ന് രാവിലെയാണ് വണ്ടിപ്പെരിയാര്‍ കേസിലെ പെണ്‍കുട്ടിയുടെ കുടുംബത്തിന് നേരെ ആക്രമണം നടന്നത്. പെണ്‍കുട്ടിയുടെ അച്ഛനും മുത്തച്ഛനും കുത്തേറ്റു. കുത്തിയത് കേസിലെ പ്രതിയായിരുന്ന, കോടതി വെറുതെ വിട്ട അര്‍ജുന്റെ ബന്ധു ആണ്. വണ്ടിപ്പെരിയാര്‍ ടൗണില്‍ വെച്ചായിരുന്നു സംഭവം.പരിക്ക് ഗുരുതരമല്ല.കാലിനാണ് പരിക്കേറ്റത്.

2021 ജൂണ്‍ 30നാണ് ഇടുക്കി വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റില്‍ ആറ് വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പീഡനത്തിനിടെയാണ് ബോധരഹിതയായ കുട്ടി കൊല്ലപ്പെട്ടത്. കേസില്‍ അയല്‍ വാസിയായ അര്‍ജുനെ പോലീസ് അറസ്റ്റ് ചെയ്തത്.

എന്നാല്‍ അര്‍ജ്ജുനെ കട്ടപ്പന അതിവേഗ പ്രത്യേക കോടതി വെറുതേ വിട്ടിരുന്നു. കേസില്‍ തെളിവുകളുടെ അഭാവത്തിലാണ് പ്രതി അര്‍ജുനെ കോടതി വെറുതെ വിട്ടത്. അര്‍ജുനെതിരെ പൊലീസ് ചുമത്തിയ ബലാത്സംഗം, കൊലപാതകം ഉള്‍പ്പടെ ഒരു കുറ്റവും പ്രോസിക്യൂഷന് കോടതിയില്‍ തെളിയിക്കാനായില്ല.

പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ;

വണ്ടിപ്പെരിയാറിലെ കുഞ്ഞിന്റെ അച്ഛനെയും മുത്തച്ഛനെയും പ്രതിയായ ഡിവൈഎഫ്‌ഐ നേതാവ് അര്‍ജ്ജുന്റെ ചെറിയച്ഛന്‍ കുത്തി പരുക്കേല്പ്പിച്ചിട്ട് സിപിഎം ഓഫീസില്‍ കയറി ഒളിച്ചു. എനിക്കതില്‍ അത്ഭുതമില്ല കാരണം അര്‍ജ്ജുനെതിരെ വണ്ടിപ്പെരിയാറില്‍ സമരം ചെയ്ത ഞങ്ങള്‍ക്ക് നേരെ വാരിക്കുന്തവുമായി അക്രമം അഴിച്ചുവിട്ട സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ഞാന്‍ നേരിട്ട് കണ്ടതാണ്. ജീവന്‍രക്ഷാ സ്‌ക്വാഡ് അംഗം അര്‍ജ്ജുന്റെ ജീവന്‍രക്ഷ സിപിഎം ഏറ്റെടുത്തിരിക്കുകയാണ്. കേരളം നടുങ്ങിയിരിക്കുമ്പോള്‍ ആഭ്യന്തര മന്ത്രി കെ-സണ്‍ ഗ്രഹണത്തിലാണോ?