"കാണുന്ന വഴിക്കെല്ലാം കൈയിട്ട് വാരി സ്വത്ത് സമ്പാദിക്കാൻ സിപിഎമ്മിൽ ആരെയും അനുവദിക്കില്ല" ; സ്വത്ത് വിവരം മാത്യു കുഴൽനാടനെ ബോദ്ധ്യപ്പെടുത്തേണ്ടതില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി

സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വെല്ലുവിളിയിൽ പ്രതികരിച്ച് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസ്.തങ്ങളുടെ സ്വത്ത് വിവരങ്ങൾ കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനെ ബോദ്ധ്യപ്പെടുത്തേണ്ട ആവശ്യമില്ല.

സിപിഎം ഈ കാര്യത്തിൽ വ്യക്തതയും കൃത്യതയുമുള്ള പാർട്ടിയാണ്. നേതാക്കളും നേതാക്കളുടെ കുടുംബങ്ങളും പാർട്ടിയുടെ അച്ചടക്കം നോക്കി പ്രവർത്തിക്കുന്നവരാണ്. സിപിഎമ്മിനെ നന്നാക്കാൻ കുഴൽനാടൻ ശ്രമിക്കേണ്ടെന്നും സിവി വർഗീസ് രാജാക്കാട്ട് പറഞ്ഞു.

മാത്യു കുഴൽനാടനെ പോലെ കാണുന്ന വഴിക്കെല്ലാം കൈയിട്ട് വാരി സ്വത്ത് സമ്പാദിക്കുന്ന പോലെ സിപിഎമ്മിൽ ആരെയും അനുവദിക്കാറില്ല. സിപിഎം നേതാക്കളുടെ ജീവചരിത്രം നോക്കാൻ ഒന്നും മാത്യു കുഴൽനാടനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സിവി വർഗീസ് കൂട്ടിച്ചേർത്തു.

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍മോഹനനും, ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടില്ലന്ന് പറയാന്‍ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ധൈര്യമുണ്ടോ എന്ന് മാത്യു കുഴല്‍ നാടന്‍ എം എല്‍ എ.ചോദിച്ചിരുന്നു. എം വി ഗോവിന്ദന്‍ ഉന്നയിച്ച ഏഴു ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കോട്ടയത്ത് വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തിലാണ് മാത്യു കുഴല്‍നാടന്‍ ഈ ചോദ്യം ഉന്നയിച്ചത്.