ശൈലജക്കെതിരെയുള്ള ആക്രമണം കേരളത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനരീതിയെ വലിച്ചു താഴ്ത്തി; പൊതുജീവിതത്തില്‍ നിന്ന് സ്ത്രീകളെ അകറ്റിനിറുത്തുമെന്ന് എംഎ ബേബി

കെ കെ ശൈലജ ടീച്ചര്‍ക്കുനേരെ തെരഞ്ഞെടുപ്പുകാലത്ത് അതിനിന്ദ്യമായ വ്യക്തിധിക്ഷേപമാണ് വടകരയിലുണ്ടായതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ഒരു സ്ത്രീ എന്ന നിലയില്‍ ടീച്ചര്‍ക്കുനേരെയുണ്ടായ ലൈംഗികച്ചുവയുള്ള അധിക്ഷേപവും ഓണ്‍ലൈന്‍ ആക്രമണവുമൊക്കെ കേരളത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനരീതിയെ വലിച്ചു താഴ്ത്തുന്നതായി.

വടകരയിലെ യുഡിഎഫിലെ ഒരു കക്ഷിയായ ആര്‍എംപിയുടെ സൈദ്ധാന്തികന്‍ എന്ന് അവകാശപ്പെടുന്ന കെ എസ് ഹരിഹരന്‍ ഇന്നു നടത്തിയ പ്രസ്താവന ഇത്തരം ജീര്‍ണരാഷ്ട്രീയത്തിന്റെ ഏറ്റവും പുതിയ താഴ്ന്ന നിലയായി. ”ടീച്ചറുടെ പോര്‍ണോ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ?, ………………ടെ പോര്‍ണോ വീഡിയോ ഉണ്ടാക്കിയെന്ന് പറഞ്ഞാല്‍ നമുക്ക് കേട്ടാല്‍ മനസിലാകും’ എന്നാണ് ഹരിഹരന്‍ പ്രസംഗിച്ചത്. ആണധികാരരാഷ്ട്രീയം പൊതുജീവിതത്തില്‍ നിന്നുതന്നെ സ്ത്രീകളെ അകറ്റിനിറുത്തുന്ന വഴിയാണിത്.

രാഷ്ട്രീയപ്രവര്‍ത്തകര്‍ മാത്രമല്ല, കലയോ സാഹിത്യമോ ഉദ്യോഗമോ ഏതു പൊതുരംഗത്തായാലുമുള്ള സ്ത്രീകളെ ഓടിക്കാന്‍ മുഖ്യമായും തീവ്രവലതുപക്ഷരാഷ്ട്രീയം ചെയ്യുന്നതാണ്. പ്രതിപക്ഷനേതാവ് വി ഡി സതീശനും വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലും വേദിയിലിരിക്കെയായിരുന്നു സംസ്‌കാരശൂന്യമായ ഈ പ്രസംഗം. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, വടകരയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ ആര്‍എംപി നേതാവ് കെ കെ രമ എന്നിവര്‍ കെ എസ് ഹരിഹരന്റെ ഈ സ്ത്രീത്വത്തെ അധിക്ഷേപിക്കുന്ന പ്രസംഗത്തെ തള്ളിക്കയണമെന്നു ഞാന്‍ ആവശ്യപ്പെടുന്നു.

വടകരയില്‍ ശൈലജ ടീച്ചര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ അതിനെതിരെ പ്രതികരിച്ച ഇടതുപക്ഷജനാധിപത്യമുന്നണി പ്രവര്‍ത്തകര്‍ക്കെതിരെ പ്രസ്താവനയുമായി വന്ന ചില എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരും കെ എസ് ഹരിഹരന്റെ ഈ പ്രസംഗത്തോടെ തങ്ങളുടെ നിലപാട് തിരുത്തുമെന്നു പ്രതീക്ഷിക്കുന്നു. ഇത്തരം ആണധികാരരാഷ്ട്രീയത്തോടും പൊരുതിയിട്ടേ ഒരു ആധുനികകേരളം കെട്ടിപ്പടുക്കാനാവൂവെന്ന് എം എ ബേബി പറഞ്ഞു.