എക്‌സൈസ് കണ്ടത് യുവതി മദ്യപിക്കുന്ന വീഡിയോ മാത്രമാണോ? കള്ള് കുടിക്കുന്ന റീല്‍സ് പോസ്റ്റ് ചെയ്ത യുവതിയുടെ അറസ്റ്റില്‍ വിമര്‍ശനം

കള്ള് കുടിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ വിമര്‍ശനം. മദ്യപാനം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതിനാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് യുവതിക്കെതിരെ കേസ് എടുത്തത്. അറസ്റ്റ് ചെയ്ത യുവതിയെ ജാമ്യത്തില്‍ വിട്ടു.

സാമ്പത്തിക സ്ഥിതിയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നത് മദ്യ വില്‍പന ആണെന്ന് മുഖ്യമന്ത്രി അടക്കം പറഞ്ഞിട്ടുള്ള സംസ്ഥാനത്താണ് കള്ള് കുടിച്ചതിന് യുവതി അറസ്റ്റിലായതെന്നാണ് ഉയരുന്ന വിമര്‍ശനങ്ങളിലൊന്ന്. ബീവറേജസ് കോര്‍പ്പറേഷന്‍ വിദേശ മദ്യത്തിലൂടെയും കള്ളുഷാപ്പുകളില്‍ കള്ളിലൂടെയും നല്‍കുന്നത് ലഹരി തന്നെയാണ്.

പിന്നെ എന്തിനാണ് ഒരു യുവതിയെ കള്ള് കുടിച്ചതിന് അറസ്റ്റ ചെയ്യുന്നത് എന്നാണ് ചിലര്‍ പ്രതികരിക്കുന്നത്. കള്ള് കുടിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ ചെയ്യുന്ന ആദ്യത്തെ ആളല്ല അറസ്റ്റിലായ യുവതി, പുരുഷന്മാര്‍ ചെയ്യുമ്പോള്‍ പ്രശ്‌നമില്ലാത്തത് എന്തുകൊണ്ടാണ് ഇപ്പോള്‍ പ്രശ്‌നമാകുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്.

കേരളാ മദ്യ നിരോധന സമിതി ഈ വീഡിയോ മാത്രമാണോ ശ്രദ്ധിച്ചതെന്നും ലിംഗ വ്യത്യാസവും സമൂഹത്തില്‍ നില നില്‍ക്കുന്ന പൊതുവായുള്ള കാഴ്ചപ്പാടാണ് മദ്യ നിരോധന സമിതിയെ പ്രകോപിപ്പിച്ചതെന്നാണ് മറ്റു ചിലരുടെ പ്രതികരണങ്ങള്‍. തൃശൂരിലെ കുണ്ടോളിക്കടവ് ഷാപ്പില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ചേര്‍പ്പ് സ്വദേശിനിക്കും കൂട്ടുകാരികള്‍ക്കും പണി കൊടുത്തത്.

Read more

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ കേരളാ മദ്യനിരോധന സമിതി എക്‌സെസ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതോടെയാണ് യുവതിയെയും സുഹൃത്തുക്കളെയും എക്‌സൈസ് വിളിച്ചു വരുത്തിയത്. എന്നാല്‍ യുവതികള്‍ മദ്യപിച്ചിരുന്നില്ലെന്ന് എക്‌സൈസ് വ്യക്തമാക്കി.