പശ്ചിമബംഗാള്‍ ഗവര്‍ണര്‍സ്ഥാനം ഏറ്റെടുത്തശേഷം ആദ്യമായി കേരളത്തിലേക്കെത്തിയ സിവി ആനന്ദബോസിനെ സ്വീകരിക്കാന്‍ ബിജെപിയിലെ ഒരു വിഭാഗം നേതാക്കള്‍ എത്താത്തതില്‍ വിവാദം. ബിജെപിയിലെ ഔദ്യാഗികപക്ഷമാണ് വിമാനത്താവളത്തില്‍ എത്താതെ മാറിനിന്നത്.
ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റും കൃഷ്ണദാസ് പക്ഷത്തെ പ്രമുഖനുമായ എ.എന്‍. രാധാകൃഷ്ണന്‍, ശോഭ സുരേന്ദ്രന്‍ പി.ആര്‍. ശിവശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആനന്ദബോസിനെ സ്വീകരിച്ചത്. ഒരു മലയാളിക്ക് പാര്‍ട്ടിനല്‍കിയ വലിയ ബഹുമതിയായിട്ടും ജില്ലാ പ്രസിഡന്റുപോലും സ്വീകരിക്കാനെത്തിയില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ഗവര്‍ണര്‍ വരുന്നതിന്റെ വിവരങ്ങള്‍ മുന്‍കൂട്ടിത്തന്നെ തയ്യാറാക്കി ബിജെപി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആനന്ദബോസ് സംസ്ഥാന നേതൃത്വവുമായി അടുത്തബന്ധം പുലര്‍ത്താന്‍ തയാറായിരുന്നില്ല. ബി. ജെ. പി ദേശീയ നേതൃയോഗം ഡല്‍ഹിയില്‍ നടക്കുന്നതിനാല്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കേരളത്തില്‍ ഉണ്ടായിരുന്നില്ല. ഇതാണ് ഔദ്യോഗിക സ്വീകരണം ഒരുക്കുന്നതില്‍ വീഴ്ചയുണ്ടായതിന് കാരണമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
Read more
അതേസമയം, ഇന്നു രാവിലെ സി.വി ആനന്ദബോസ് എന്‍.എസ്.എസ്. ആസ്ഥാനത്തെത്തി ജനറല്‍സെക്രട്ടറി ജി.സുകുമാരന്‍നായരുമായി കൂടിക്കാഴ്ച നടത്തി. കുടുംബസമേതമാണ് ഗവര്‍ണര്‍ എത്തിയത്. ജനറല്‍ സെക്രട്ടറിക്കൊപ്പം രജിസ്ട്രാര്‍ പി.എന്‍. സരേഷ്, ഡയറക്ടര്‍ ബോര്‍ഡംഗം ഹരികുമാര്‍ കോയിക്കല്‍ എന്നിവരും സ്വീകരിക്കാനുണ്ടായിരുന്നു. അരമണിക്കൂറിലധികം സമയം ജി.സുകുമാരന്‍നായരുമായി സി.വി. ആനന്ദബോസ് ചര്‍ച്ച നടത്തി.