എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തപ്പെട്ട പിപി ദിവ്യ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. ചടങ്ങിലേക്ക് കളക്ടര്‍ ക്ഷണിച്ചിട്ടാണ് എത്തിയതെന്ന് പിപി ദിവ്യ ജാമ്യഹര്‍ജിയില്‍ പറയുന്നു.
14-ന് രാവിലെയാണ് യാത്രയയപ്പിനെ പറ്റി അറിയുന്നതെന്നും കളക്ടര്‍ ക്ഷണിച്ചത് പ്രകാരമാണ് യോഗത്തില്‍ എത്തിയതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. പ്രസംഗം സദുദ്ദേശത്തോടെ ആയിരുന്നുവെന്നും ദിവ്യ പറഞ്ഞു. യാത്ര അയപ്പ് ചടങ്ങിലെത്താന്‍ അല്‍പ്പം വൈകിയിരുന്നു. അവിടെ എത്തിയപ്പോള്‍ സംസാരിക്കാന്‍ ക്ഷണിച്ചത് ഡെപ്യൂട്ടി കളക്ടര്‍ ശ്രുതിയാണെന്നും ദിവ്യ വ്യക്തമാക്കി.
നവീന്‍ ബാബുവിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഹര്‍ജിയില്‍ ദിവ്യ ഉന്നയിക്കുന്നുണ്ട്. ഫയലുകള്‍ വെച്ചു താമസിപ്പിക്കുന്നു എന്ന പരാതി നേരത്തെയും നവീനെതിരെയുണ്ട്. പ്രശാന്തന് മാത്രമല്ല, ഗംഗാധരന് എന്നയാളും തന്നോട് പരാതി പറഞ്ഞിട്ടുണ്ടെന്നും ദിവ്യ ജാമ്യാപേക്ഷയില്‍ പറയുന്നു.
Read more
ഫയല്‍ നീക്കം വേഗത്തില്‍ വേണമെന്ന് ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. അന്വേഷണത്തില്‍ നിന്ന് താന്‍ ഒളിച്ചോടില്ലെന്നും ദിവ്യ പറഞ്ഞു. മുന്‍കൂര്‍ ജാമ്യം അനുവദിക്കണം. ഗുരുതരാവസ്ഥയിലുള്ള അച്ഛന് ഉള്‍പ്പെടെ വീട്ടിലുണ്ടെന്നും ഇത്തരം സാഹചര്യങ്ങള്‍ പരിശോധിക്കണമെന്നും ജാമ്യാപേക്ഷയില്‍ ആവശ്യപ്പെടുന്നു.