കളമശ്ശേരിയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ മരണം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

എറണാകുളം കളമശ്ശേരിയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. പെരുമ്പാവൂര്‍ സ്വദേശി ജെയ്‌സി എബ്രഹാമിനെയാണ് കളമശ്ശേരി കൂനംതൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെയാണ് മൃതദേഹം കണ്ടെത്തുന്നത്.

ജെയ്‌സിയുടെ മകള്‍ കാനഡയിലാണ് താമസം. മാതാവിനെ പലവട്ടം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെയാണ് ബന്ധുക്കളെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസിനും വിവരം കൈമാറി. പൊലീസ് സ്ഥലത്തെത്തി വാതില്‍ തുറന്ന് അകത്ത് കയറിയപ്പോഴാണ് ജെയ്‌സിയുടെ മൃതദേഹം കണ്ടെത്തിയത്.

ജെയ്‌സി റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ബിസിനസുകള്‍ നടത്തിയിരുന്നു. അതിനാല്‍ ബിസിനസ് തര്‍ക്കങ്ങളാണോ കൊലയ്ക്ക് കാരണമെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. തലയില്‍ ആഴത്തിലുള്ള മുറിവ് പൊലീസ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് സംഭവം കൊലപാതമാണെന്ന് സ്ഥിരീകരിച്ചത്.

Read more

ഇതുകൂടാതെ മൃതദേഹത്തിന്റെ മുഖവും വികൃതമായ നിലയിലായിരുന്നു. തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സിസിടിവി ഉള്‍പ്പെടെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.