ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം; അക്യുപങ്ചര്‍ ചികിത്സ നടത്തിയയാള്‍ അറസ്റ്റില്‍

തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് പ്രസവ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ യുവതിയെ ചികിത്സിച്ചയാള്‍ അറസ്റ്റില്‍. യുവതിയ്ക്ക് അക്യുപങ്ചര്‍ ചികിത്സ നല്‍കിയ ഷിഹാബുദ്ദീനാണ് അറസ്റ്റിലായത്. ഇയാളെ എറണാകുളത്ത് നിന്ന് നേമം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പാലക്കാട് സ്വദേശിനി ഷമീറ ബീവിയും കുഞ്ഞുമാണ് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടത്. ഷമീറയുടെ ഭര്‍ത്താവ് നയാസിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭാര്യയ്ക്ക് അക്യുപങ്ചര്‍ ചികിത്സയാണ് നല്‍കിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു. വെഞ്ഞാറമൂട് കേന്ദ്രീകരിച്ചാണ് ഷിഹാബുദ്ദീന്റെ ചികിത്സാ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.

അക്യുപങ്ചറിന്റെ മറവില്‍ ഇയാള്‍ വ്യാജ ചികിത്സ നടത്തുന്നതായി കഴിഞ്ഞ സെപ്റ്റംബറില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഷിഹാബുദ്ദീന്‍ പ്രമേഹം മാറ്റി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തിയത്.