തൊപ്പി തെറിക്കുമോ? എഡിജിപി എംആർ അജിത് കുമാറിനെതിരായ നടപടിയിൽ തീരുമാനം ഇന്ന്

എഡിജിപി എംആർ അജിത് കുമാറികുമാറിനെതിരായ നടപടിയിൽ തീരുമാനം ഇന്നുണ്ടായേക്കും. ഡിജിപി ഇന്ന് മുഖ്യമന്ത്രിയെ കണ്ട് അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ ധരിപ്പിക്കും. ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിക്കുന്ന റിപ്പോർട്ടും മുഖ്യമന്ത്രി പരിശോധിക്കും. എഡിജിപിക്കെതിരായ ആരോപണങ്ങളിൽ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ഇന്നലെ രാത്രി സർക്കാരിന് സമർപ്പിച്ചിരുന്നു.

വൈകിട്ടോടെ ക്രമസമാധാന ചുമതലയിൽ നിന്ന് എംആർ അജിത്കുമാറിനെ മാറ്റി ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആർഎസ്എസ് കൂടിക്കാഴ്ച കേന്ദ്രീകരിച്ച് ആയിരിക്കും നടപടി ഉണ്ടാവുക. ആർഎസ്എസ് കൂടിക്കാഴ്ചയിൽ എഡിജിപി നൽകിയ വിശദീകരണം ഡിജിപി തള്ളിയിരുന്നു. സ്വകാര്യ കൂടിക്കാഴ്ച എന്ന വിശദീകരണം തൃപ്തികരമല്ല എന്നാണ് ഡിജിപിയുടെ നിലപാട്.

ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് ആർഎസ്എസ് നേതാവിന്റെ കാറിൽ പോയതിൽ അടക്കം ഡിജിപി സംശയം ഉന്നയിച്ചിട്ടുണ്ട്. മാമി തിരോധാന കേസ് , റിദാൻ വധക്കേസ് എന്നിവയുടെ അന്വേഷണങ്ങളിൽ വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്. അതേസമയം കേസുകൾ അട്ടിമറിക്കാൻ എഡിജിപി ശ്രമിച്ചതായി കുറ്റപ്പെടുത്തലില്ല. പിവി അൻവർ ഉന്നയിച്ച ഭൂരിഭാഗം ആരോപണങ്ങളിലും എഡിജിപിക്ക് ക്ലീൻ ചിറ്റാണ് നൽകിയിരിക്കുന്നത്.

റിപ്പോർട്ടിൽ വീഴ്ച കണ്ടെത്തിയാൽ നടപടി എന്ന് മുഖ്യമന്ത്രി പലതവണ ഉറപ്പു നൽകിയതിനാൽ ഇനിയും അജിത് കുമാറിനെ സംരക്ഷിച്ചേക്കില്ല. തിങ്കളാഴ്ചക്കുള്ളിൽ എഡിജിപിക്കെതിരെ നടപടി വേണമെന്നാണ് സിപിഐയുടെ ആവശ്യം. എന്നാൽ നാളെ നിയമസഭാ സമ്മേളനത്തിന് മുന്‍പ് നടപടിയെടുത്തില്ലെങ്കിലും കാത്തിരിക്കാനാണ് സിപിഐ തീരുമാനം.