ഇടുക്കി ജില്ലയിലെ മൂന്നാര്‍ - ബോഡിമെട്ട് റോഡ് നവീകരണം ദ്രുതഗതിയിലാക്കാന്‍ തീരുമാനം

മധുര പാതയുടെ ഭാഗമായ ദേശീയ പാത 85 ല്‍ മൂന്നാര്‍ – ബോഡിമെട്ട് റോഡ് നവീകരണം വേഗത്തിലാക്കാന്‍ പൊതുഗതാഗത വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ഉള്ള ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. വനംവകുപ്പിന്‍റെ അനുമതി ആവശ്യമില്ലാത്ത മുഴുവന്‍ സ്ഥലങ്ങളിലേയും പ്രവൃത്തി ഫെബ്രുവരി മാസത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് യോഗത്തില്‍ തീരുമാനമായി. വനംവകുപ്പിന്‍റെ അനുമതിയുമായി ബന്ധപ്പെട്ട വിഷയം പരിഹരിക്കാന്‍ ഇടുക്കി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. ഒരാഴ്ചക്കുള്ളില്‍ ജില്ലാ കളക്ടര്‍ ഇതിനായി പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കും.

41.78 കിലോമീറ്ററില്‍ 3.32 കിലോമീറ്ററിലാണ് വനംവകുപ്പിന്‍റെ അനുമതി ആവശ്യം. ബാക്കി 38.46 കിലോമീറ്റര്‍ റോഡിന്‍റെയും പ്രവൃത്തി പുരോഗതി യോഗം വിലയിരുത്തി. ഇതില്‍ ബാക്കിയുള്ള എല്ലാ പ്രവൃത്തിയും അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ കരാറുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. ഇനി പദ്ധതിയില്‍ ഒരു തരത്തിലുള്ള കാലതാമസവും പാടില്ലെന്ന് തീരുമാനിച്ചു.

വനംവകുപ്പിന് കൈമാറാനുള്ള ഫണ്ട് പൂര്‍ണതോതില്‍ കൈമാറുന്നതിന് മോര്‍ത്തിനെ സമീപിക്കും. ഏപ്രിലോടെ വനംവകുപ്പിന്‍റെ അനുമതി ലഭിക്കേണ്ട മേഖലകളിലും പണി പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇടുക്കി ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന റോഡിന്‍റെ വികസനം ഏറെ പ്രാധാന്യമുള്ളതാണ്. രണ്ട് വരിപ്പാതയായി ആധുനിക രീതിയിലാണ് റോഡ് നവീകരണം നടപ്പിലാക്കുന്നത്. തമിഴ് നാട് ബോര്‍ഡറില്‍ നിന്നും ആരംഭിച്ച് മൂന്നാര്‍ വരെ 40 കീലോമീറ്ററാണ് റോഡ്.

പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗ്, ഇടുക്കി ജി ല്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്ജ് , ദേശീയ പാതാ വിഭാഗം ചീഫ് എൻജിനീയര്‍ അശോക് കുമാര്‍, മൂന്നാര്‍ ഡി എഫ് ഒ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.