ക്രൈസ്തവര്‍ക്ക് എതിരെയുള്ള പീഡനങ്ങളില്‍ ഇന്ത്യ 11-ാം സ്ഥാനത്ത്, ബി.ജെ.പി സര്‍ക്കാരിനെ വിമര്‍ശിച്ച് ദീപിക മുഖപ്രസംഗം

ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെ തുടര്‍ച്ചയായി നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ ബിജെപി സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുന്നില്ലെന്ന് വിമര്‍ശിച്ച് ദീപികയില്‍ മുഖപ്രസംഗം. ക്രൈസ്തവ പീഡനങ്ങളില്‍ ഇന്ത്യ പതിനൊന്നാം സ്ഥാനത്താണ്. സംഘപരിവാര്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തുന്നുവെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. ഛത്തീസ്ഗഡില്‍ ആയിരക്കണക്കിന് ക്രൈസ്തവര്‍ വീടുകളില്‍ നിന്ന് തല്ലിയോടിക്കപ്പെട്ടു. കരയുന്ന പൗരന്മാര്‍ക്ക് മുന്നില്‍ ഛത്തീസ്ഗഡ് ഭരണകൂടം നിസംഗരായി നില്‍ക്കുന്നുവന്നുവെന്നും പരാമര്‍ശം.

2002 ജനുവരി മുതല്‍ ജൂലൈ വരെ മാത്രം ക്രൈസ്തവര്‍ക്കെതിരെ 302 ആക്രമണങ്ങള്‍ രാജ്യത്തുണ്ടായി.ക്രൈസ്തവര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ആക്രമണം നടക്കുന്നതത് യു പിയിലാണ്. പ്രതിസ്ഥാനത്തുള്ള സംഘപരിവാര്‍ സംഘടനകള്‍ക്ക് അനുകൂല നിലപാട് ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്നുവെന്നും ദീപിക മുഖപ്രസംഗം പറയുന്നു.

പീഡകരുടെ പട്ടികയില്‍ ചൈന പതിനാറാം സ്ഥാനത്തുള്ളപ്പോഴാണ് ഇന്ത്യ പതിനൊന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. സംഘപരിവാര്‍ തുടര്‍ച്ചയായി നടത്തുന്ന ആക്രമണങ്ങളില്‍ ഏറ്റവും പുതിയതാണ് ഛത്തീസ്ഗഡില്‍ നടന്നത്. ആയിരക്കണക്കിനു ക്രൈസ്തവര്‍ തങ്ങളുടെ വീടുകളില്‍നിന്നു തല്ലിയോടിക്കപ്പട്ടു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ക്കു പരിക്കേറ്റു. നാരായണ്‍പുരില്‍ കത്തോലിക്കാ ദേവാലയവും കോണ്‍വെന്റും സ്‌കൂളുമൊക്കെ ആക്രമിച്ചു.

കരയുന്ന പൗരന്മാര്‍ക്കു മുന്നില്‍ നിസംഗതയോടെ നില്‍ക്കുന്ന ഭരണകൂടങ്ങള്‍ ഛത്തീസ്ഗഡിലെയും കാഴ്ചയായി. 2022 ജനുവരി മുതല്‍ ജൂലൈ വരെ മാത്രം ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരേ 302 ആക്രമണങ്ങള്‍ ഉണ്ടായതായി ബംഗളൂരു ആര്‍ച്ച്ബിഷപ് ഡോ. പീറ്റര്‍ മച്ചാഡോയും നാഷണല്‍ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കല്‍ ഫെലോഷിപ് ഓഫ് ഇന്ത്യ എന്നീ സംഘടനകളും ചേര്‍ന്നു സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ അറിയിച്ചു. 2021ല്‍ 505 ആക്രമണങ്ങള്‍ നടന്നു. കോടതി വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ ഇതു ഹെല്‍പ് ലൈന്‍ നന്പരിലൂടെ സമാഹരിച്ച കണക്കാണെന്നു പറഞ്ഞു നിസാരവത്കരിക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആദ്യമേ ഉണ്ടായത്. മുഖപ്രസംഗത്തില്‍ പറയുന്നു

രാജ്യപുരോഗതിക്കു കനപ്പെട്ട സംഭാവനകള്‍ നല്‍കിയ ക്രൈസ്തവ സമൂഹത്തിന് അവഗണന മാത്രമാണു പ്രതിഫലമെന്നു കഴിഞ്ഞ ദിവസം കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോണ്‍ ബാര്‍ല തന്നെ വ്യക്തമാക്കുകയുണ്ടായി. ക്രൈസ്തവര്‍ മതപരിവര്‍ത്തനത്തിനു ശ്രമിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കോല്‍ക്കത്തയില്‍ സംഘടിപ്പിച്ച സമാധാനറാലിയിലാണ് അദ്ദേഹം പറഞ്ഞത്. വിദ്യാഭ്യാസ സേവനമേഖലകളിലെ വിലപ്പെട്ട സംഭാവനകള്‍ക്ക് അര്‍ഹമായ പരിഗണന ക്രൈസ്തവസമൂഹത്തിനു ലഭിക്കുന്നില്ല.

Read more

ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരേ ഏറ്റവും കൂടുതല്‍ ആക്രമണം നടത്തുന്ന യുപിയില്‍ ഉള്‍പ്പെടെ മിക്കവാറും പ്രതിസ്ഥാനത്തുള്ള സംഘപരിവാര്‍ സംഘടനകള്‍ക്ക് അനുകൂല നിലപാടാണ് ബിജെപി സര്‍ക്കാരുകള്‍ കോടതികളില്‍ ഉള്‍പ്പെടെ സ്വീകരിച്ചുവരുന്നത്. ക്രൈസ്തവര്‍ക്കെതിരേയുള്ള പീഡനങ്ങളുടെയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെയുമൊക്കെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളുമൊക്കെ കൊടുക്കുന്ന മറുപടിയെ അടിസ്ഥാനമാക്കി മാത്രമേ സുപ്രീംകോടതിക്കു വിധി പറയാനാകൂ. സര്‍ക്കാരുകള്‍ ഇരകള്‍ക്കൊപ്പമല്ലെങ്കില്‍ ധര്‍മസംസ്ഥാപനം അത്യന്തം ദുഷ്‌കരമോ അസാധ്യമോ ആയേക്കാം. മതഭ്രാന്ത് നാടുവാഴുന്‌പോള്‍ സര്‍ക്കാരുകളും പൗരന്മാരും നിശബ്ദരാകരുത്. തീവ്രവാദികളുടെ നിയന്ത്രണത്തിലായ ഇസ്ലാമിക രാഷ്ട്രങ്ങളെപ്പോലെ ചിന്തിക്കാന്‍ ഇന്ത്യക്കാവില്ലെന്നു കരുതാമെന്നും ദിപിക മുഖപ്രസംഗം പറയുന്നു.