പ്രധാനമന്ത്രി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപികയുടെ മുഖപ്രസംഗം. മോദി മുസ്ലിംകള്ക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗമാണ്. മന്മോഹന് സിങ്ങിനെ കുറിച്ച് മോദി പറയുന്നത് തെറ്റായ കാര്യമാണെന്നും ദീപികയുടെ മുഖപ്രസംഗത്തിൽ പറയുന്നു. മോദിയുടേത് സമാനതകളില്ലാത്ത സമുദായഹത്യയാണെന്നും പിവി അൻവറും പിണറായിയും രാഹുലിനെതിരെ നടത്തിയത് വ്യക്തിഹത്യയാണെന്നും പ്രശ്നഗത്തിൽ പറയുന്നു.
ഈ രാജ്യത്തെ ജനങ്ങളെ, പ്രത്യേകിച്ചു ഹൈന്ദവരെ ബിജെപി സർക്കാർ വിലകുറച്ചു കാണുകയാണെന്നു തോന്നുന്നു. ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം. മുസ്ലിം സമുദായത്തിനെതിരേ രാജസ്ഥാനിൽ പ്രധാനമന്ത്രി നടത്തിയ നിന്ദാപരമായ പ്രസംഗം വർഗീയതയെയും ഇതരമതവിദ്വേഷത്തെയും നെഞ്ചേറ്റിയവരല്ലാതെ മറ്റാരും ആസ്വദിച്ചിട്ടില്ല.
മൻമോഹൻ സിംഗിന്റെ പ്രസംഗത്തിനെതിരെ അക്കാലത്തുതന്നെ ബിജെപി രംഗത്തുവന്നിരുന്നു. എന്നാൽ, അവർ എന്നതുകൊണ്ട് ഉദ്ദേശിച്ചത് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളെയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അന്നുതന്നെ വിശദീകരിച്ചിരുന്നു. അതു പക്ഷേ, മോദി മറച്ചുവച്ചു. ഇതോടു ചേർത്തു പറയേണ്ട കാര്യം, ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സാമ്പത്തിക അസമത്വം മുമ്പത്തേക്കാളും വർധിച്ചിരിക്കുന്നുവെന്ന് അന്തർദേശീയ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു എന്നാണ്. ഭൂരിപക്ഷത്തിന്റെ സ്വത്തെടുത്ത് ന്യൂനപക്ഷ മതത്തിൽ പെട്ടവർക്കു കൊടുത്തതിന്റെയല്ല, രാജ്യത്തിന്റെ സമ്പത്ത് വിരലിലെണ്ണാവുന്ന അതിസമ്പന്നർക്കു കൊടുത്തതിന്റെ തെളിവാണ് അതൊക്കെ എന്നും മുഖപ്രസംഗത്തിൽ പറയുന്നു.
വിദ്വേഷ പ്രസംഗങ്ങൾ രാജ്യവിരുദ്ധമാണെന്നു തിരിച്ചറിയണം. വിദ്വേഷപ്രസംഗങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പരാതി ലഭിച്ചില്ലെങ്കിലും കേസെടുക്കണമെന്ന് മുഴുവൻ സംസ്ഥാനങ്ങൾക്കും സുപ്രീംകോടതി നിർദേശം നൽകിയത് 2023 ഏപ്രിൽ 29നായിരുന്നു. മോദിയുടെ പ്രസംഗത്തിനെതിരേ രാജസ്ഥാൻ, ഉത്തർപ്രദേശ് സർക്കാരുകൾ കേസെടുക്കുമെന്നോ ഇല്ലെങ്കിൽ കോടതിയലക്ഷ്യത്തിനു കേസുണ്ടാകുമോയെന്നൊന്നും ഇന്നത്തെ സാഹചര്യത്തിൽ പറയാനാവില്ല.
ഹിന്ദുക്കളുടെ വിശിഷ്ട ദിവസങ്ങളായ ശ്രാവണമാസത്തിൽ മട്ടൻകറിയും നവരാത്രിയിൽ മീൻകറിയും കഴിച്ച് അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നവരാണ് പ്രതിപക്ഷ നേതാക്കളെന്നാണ് പ്രധാനമന്ത്രി ജമ്മു-കാശ്മീരിലെ ഉധംപുരിൽ പറഞ്ഞത്. എന്നിട്ടതിനെ മുഗളന്മാരുമായും മുസ്ലിം മതവുമായും കൂട്ടിക്കെട്ടുകയും ചെയ്തു.
Read more
ഒരിടത്തും കേസില്ല. തിരഞ്ഞെടുപ്പു കമ്മീഷൻ ഇടപെട്ടുമില്ല. ന്യൂനപക്ഷ വിരുദ്ധ, വിദ്വേഷ, ഹിംസാത്മക പ്രസംഗങ്ങൾ തടയാൻ ഇനി ആരുണ്ടു ബാക്കി? രാഹുൽ ഗാന്ധിയുടെ പിതൃത്വത്തെ ചോദ്യം ചെയ്യുംവിധം, അദ്ദേഹത്തിന്റെ ഡിഎൻഎ പരിശോധിക്കണമെന്ന് പരിഹസിച്ച നിലന്പൂർ എംഎൽഎ പിവി അൻവറിനെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ മോദിയുടെ വിദ്വേഷപ്രസംഗവുമായി താരതമ്യപ്പെടുത്താനാവില്ല. മോദിയുടേത് സമാനതകളില്ലാത്ത സമുദായഹത്യയാണെങ്കിൽ അൻവറിന്റേതും പിണറായിയുടേതും വ്യക്തിഹത്യയാണ്. പക്ഷേ, വിദ്വേഷത്തിന്റെ ഇന്ത്യാ സ്റ്റോറിയെ വിമർശിക്കാനുള്ള ധാർമികത വ്യക്തിഹത്യയുടെ ഒരധ്യായമെഴുതി കേരളം ഇല്ലാതാക്കേണ്ടിയിരുന്നില്ലെന്നും മുഖപ്രസംഗത്തില് പറയുന്നു.