കാസർഗോഡ് എക്സൈസ് അറസ്റ്റ് ചെയ്ത പ്രതി ആശുപത്രിയില്‍ മരിച്ചു; ഉദ്യോഗസ്ഥരുടെ മര്‍ദ്ദനമേറ്റാണ് മരണമെന്ന് ബന്ധുക്കള്‍

കാസർ ഗോഡ് ബദിയടുക്കയില്‍ എക്സൈസ് അറസ്റ്റ് ചെയ്ത പ്രതി ആശുപത്രിയില്‍ മരിച്ചു. ബെള്ളൂർ കലേരി ബസ്തയിലെ കരുണാകരനാണ് (40) മരിച്ചത്. എക്സൈസ് ഉദ്യോഗസ്ഥരുടെ മർദ്ദനമേറ്റാണ് മരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഹോസ്ദുർഗ് ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു.

കർണാടകയിൽ നിന്ന് മദ്യം കടത്തിയെന്ന കേസില്‍ ജൂലൈ 19 നായിരുന്നു കരുണാകരനെ എക്സൈസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കസ്റ്റഡിയിലിരിക്കെ പ്രതിക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടു.  ഉടൻ തന്നെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു.  ഇവിടെവെച്ച് ഇന്നലെയാണ് കരുണാകരൻ മരിച്ചത്.

ആശുപത്രിയിലെത്തിക്കുമ്പോള്‍ ഇയാളുടെ ദേഹമാസകലം ക്ഷതമേറ്റ പാടുകളുണ്ടായിരുന്നെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ വെന്‍റിലേറ്ററിന്‍റെ സഹായത്തോടുകൂടിയാണ് ദിവസങ്ങളോളം ജീവന്‍ നിലനിര്‍ത്തിയത്.

Read more

അതിനിടെ, പരിയാരം മെഡിക്കല്‍ കോളജ് സംഭവത്തില്‍ പൊലീസ് സ്വമേധയ കേസെടുത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. കരുണാകരന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യത്തില്‍ പൂർത്തിയാക്കും.