ഇടുക്കി എൻജിനീയറിംഗ് കോളജിൽ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ വിദ്യാർത്ഥി ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ട സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് യാത്രയ്ക്ക് ഇടയിൽ ആണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജെറിൻ ജോജോയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവശേഷം ഓടി രക്ഷപ്പെടുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.
കണ്ണൂർ സ്വദേശിയും ഏഴാം സെമസ്റ്റര്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയുമായ ധീരജ് കുത്തേറ്റാണ് മരിച്ചത്. കുത്തിയവർ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നില്‍ യൂത്ത് കോണ്‍ഗ്രസാണെന്ന് എസ്എഫ്ഐ ആരോപിക്കുന്നു. അക്രമത്തിന് പിന്നില്‍ പുറത്തു നിന്നെത്തിയ ക്രിമിനല്‍ സംഘമുണ്ടെന്നും നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുമെന്നും എസ്എഫ്ഐ അറിയിച്ചു.
കോളജിന് പുറത്ത് നിന്നെത്തിയ യൂത്ത് കോൺഗ്രസ് ക്രിമിനൽ സംഘമാണ് ആക്രമണം നടത്തിയതെന്ന് എസ് എഫ് ഐയും സിപിഎമ്മും ആരോപിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലി ഓടിരക്ഷപ്പെടുന്നത് കണ്ടിരുന്നുവെന്ന് കുത്തേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലെത്തിച്ച സിപിഎം ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം സത്യൻ പറഞ്ഞിരുന്നു. സത്യന്റെ വാഹനത്തിലായിരുന്നു കുത്തേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലെത്തിച്ചത്. സ്ഥലത്ത് നിന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലി ഓടിരക്ഷപ്പെടുന്നത് കണ്ടിരുന്നുവെന്നും സത്യൻ പറഞ്ഞിരുന്നു. നിഖിൽ പൈലി ആണ് കുത്തിയതെന്നാണ് പ്രാഥമിക നിഗമനം എന്ന് പോലീസും പറയുന്നു.
Read more
ഇന്ന് ഉച്ചയോടെയാണ് ഇടുക്കി എൻജിനീയറിംഗ് കോളജിൽ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റത്. നെഞ്ചിന് കുത്തേറ്റ കണ്ണൂർ സ്വദേശിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റ് രണ്ട് വിദ്യാർത്ഥികളായ അഭിജിത്, അമൽ എന്നിവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം.