എറണാകുളത്തും ഡിജിറ്റല്‍ അറസ്റ്റ്; നഷ്ടമായത് നാല് കോടി 11 ലക്ഷം രൂപ, രണ്ട് പേര്‍ അറസ്റ്റില്‍

എറണാകുളത്ത് ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ പണം തട്ടിയ രണ്ട് മലയാളികള്‍ അറസ്റ്റില്‍. വാഴക്കാല സ്വദേശി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. വാഴക്കാല സ്വദേശിയില്‍ നിന്ന് നാല് കോടി രൂപ തട്ടിയെടുത്തതായാണ് പരാതി. വാഴക്കാല സ്വദേശി ബെറ്റി ജോസഫാണ് കേസിലെ പരാതിക്കാരി. കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത് വലിയ സംഘമാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

ബെറ്റി ജോസഫിന്റെ പേരില്‍ ഡല്‍ഹി ഐസിഐസിഐ ബാങ്കില്‍ അക്കൗണ്ട് ഉണ്ടെന്നും ഈ അക്കൗണ്ട് സന്ദീപ് എന്നയാള്‍ ലഹരിക്കടത്തിന് ഉപയോഗിച്ചെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. കേസില്‍ നിന്നും ഒഴിവാക്കാന്‍ പണം നല്‍കണമെന്നാണ് സംഘം ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് പരാതിക്കാരി പണം നല്‍കുകയായിരുന്നു.

മൂന്ന് അക്കൗണ്ടുകളില്‍ നിന്നായി നാല് കോടി 11 ലക്ഷം രൂപയാണ് പരാതിക്കാരിക്ക് നഷ്ടമായത്. മുഹമ്മദ് മുഹസില്‍, മിഷാബ് എന്നിവരാണ് കേസില്‍ പിടിയിലായത്. ഇവര്‍ തട്ടിപ്പില്‍ ഇടനിലക്കാരായിരുന്നെന്ന് പൊലീസ് പറയുന്നു. ഇവരില്‍ ഇന്നും ഇനോവ ക്രിസ്റ്റയും ഒരു ലക്ഷം രൂപയും പിടിച്ചെടുത്തു.

കേസിലെ മുഖ്യപ്രതി ഉടന്‍ പിടിയിലാകുമെന്ന് എറണാകുളം സൈബര്‍ പോലീസ് വ്യക്തമാക്കി. തട്ടിപ്പിനായി അക്കൗണ്ട് നല്‍കുന്നവര്‍ക്ക് 25000 രൂപ മുതല്‍ 30000 വരെ ലഭിക്കും. തട്ടിപ്പ് പണം എടിഎമ്മില്‍ നിന്നും പിന്‍വലിച്ച് നല്‍കുന്നതിന് കമ്മീഷനും സംഘം നല്‍കുന്നതായി പൊലീസ് അറിയിച്ചു.