ചലച്ചിത്രോത്സവ വേദിയില്‍ പ്രതിഷേധം, കെ.കെ രമയ്ക്ക് അനുകൂലമായി മുദ്രാവാക്യം; യുവസംവിധായിക കുഞ്ഞില മസിലമണി കസ്റ്റഡിയില്‍

സംവിധായിക കുഞ്ഞില മസിലമണി കസ്റ്റഡിയില്‍. കോഴിക്കോട് വനിതാ ചലച്ചിത്രോത്സവ വേദിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതിന് പിന്നാലെയാണ് കുഞ്ഞിലയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തന്റെ ചിത്രം മേളയില്‍ ഉള്‍പ്പെടുത്തിയില്ലെന്നാണ് പരാതി.

കെ.കെ.രമ എംഎല്‍എയ്ക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. ‘കെ.കെ.രമ സിന്ദാബാദ്, ടി.പി.ചന്ദ്രശേഖരന്‍ സിന്ദാബാദ്, പിണറായി വിജയന്‍ എന്നെ അറസ്റ്റ് ചെയ്തു, മുഖ്യമന്ത്രി കസേരയിലിരിക്കാന്‍ ഞാനാണ് യോഗ്യ’ എന്നിങ്ങനെ അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെ ഇവര്‍ മുദ്രാവാക്യം മുഴക്കി.

ഫെസ്റ്റിവലിലേക്കുള്ള സിനിമകളുടെ തിരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന് കുഞ്ഞില ആരോപിച്ചിരുന്നു. എന്നാല്‍ ചെയര്‍മാന്‍ അടക്കമുള്ളവര്‍ പ്രതികരിച്ചിരുന്നില്ല. ആന്തോളജി സിനിമയായ ഫ്രീഡം ഫൈറ്റിലെ തന്റെ ചിത്രമായ അസംഘടിതര്‍, റത്തിന സംവിധാനം ചെയ്ത പുഴു തുടങ്ങിയ മലയാളി വനിതാ സംവിധായകരുടെ സിനിമകള്‍ ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്താതിനെതിരെയാണ് ഇവര്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ പ്രതിഷേധിച്ചത്.

വേദിയില്‍ നിന്ന് കുഞ്ഞിലയെ പൊലീസ് ബലമായി പിടിച്ച് തൂക്കിയെടുത്ത് കൊണ്ടാണ് പോയത്. ജിയോ ബേബി സംവിധാനം ചെയ്ത ഫ്രീഡം ഫൈറ്റേഴ്‌സ് എന്ന സിനിമയിലെ അസംഘടിത സംവിധാനം ചെയ്തത് കുഞ്ഞില മസിലമണിയാണ്.