നാടക പ്രവര്‍ത്തകന്‍ മധു മാസ്റ്റര്‍ അന്തരിച്ചു

മലയാള നാടക ആചാര്യനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ മധു മാസ്റ്റര്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. കോഴിക്കോട് എരഞ്ഞിപ്പാലം സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം.

നൂറിലധികം വേദികളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ള ‘അമ്മ’ എന്ന നാടകത്തിന്റെ രചയിതാവും സംവിധായകനുമാണ്. അടിയന്തരാവസ്ഥയ്ക്ക് ശേഷം കേരളത്തില്‍ ഏറെ ചലനം സൃഷ്ടിച്ച നാടകമാണ് അമ്മ. ഇതിന് പുറമെ സ്പാര്‍ട്ടക്കസ്, പുലിമറഞ്ഞ കുട്ടന്‍ മൂസ്, മൂട്ട, സുനന്ദ എന്നിങ്ങനെ നിരവധി നാടകങ്ങളും രചിച്ചിട്ടുണ്ട്.

സംഘഗാനം, ഷട്ടര്‍ എന്നിങ്ങനെ എട്ടോളം സിനിമകളില്‍ മധു മാസ്റ്റര്‍ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാ രചനയിലും പങ്കാളിയായിട്ടുണ്ട്.

1948 ഒക്ടോബര്‍ 12ന് കൊല്ലരുകണ്ടി ചന്തുവിന്റെയും നാരായണിയുടെയും മകനായി അത്താണിക്കലിലാണ് മാസ്റ്റര്‍ ജനിച്ചത്. കോഴിക്കോട് ട്രെയിനിങ് കോളേജില്‍ നിന്ന് അധ്യാപക പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം വയനാട്ടിലെ കൈനാട്ടി എല്‍പി സ്‌കൂളിലെ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 2004ല്‍ കുറ്റ്യാടി ചെറുകുന്ന് ഗവ യുപി സ്‌കൂള്‍ പ്രധാനാധ്യാപകനായി വിരമിച്ചു.

Read more

നക്‌സല്‍ പ്രസ്ഥാനവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. നക്‌സല്‍ പ്രസ്ഥാനത്തിന്റെ വയനാട് ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍ ജയിലിലായി. പിന്നീട് പല തവണകളായി രണ്ടുവര്‍ഷത്തെ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.