നെടുമ്പാശ്ശേരിയില്‍ വീണ്ടും ലഹരി വേട്ട; ബാങ്കോക്കില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവുമായെത്തിയ യുവതി പിടിയില്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഹൈബ്രിഡ് കഞ്ചാവ് കടത്താന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശിനി പിടിയിലായി. തുളസി എന്ന യുവതിയാണ് വിമാനത്താവള അധികൃതരുടെ പിടിയിലായത്. ബാങ്കോക്കില്‍നിന്ന് തായ് എയര്‍വേഴ്സ് വിമാനത്തിലാണ് യുവതി നെടുമ്പാശ്ശേരിയിലെത്തിയത്. ഇവരുടെ കൈവശം 35 ലക്ഷം രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് ആണ് കണ്ടെത്തിയത്.

തായ്ലാന്‍ഡിലെ ബാങ്കോക്കില്‍ നിന്ന് എത്തുന്ന യാത്രക്കാരിയുടെ കൈവശം ഹൈബ്രിഡ് കഞ്ചാവ് ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ ബാഗ് പരിശോധിച്ചപ്പോള്‍ 1.190 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് അധികൃതര്‍ കണ്ടെടുത്തത്. വിപണിയില്‍ ഇതിന് 35 ലക്ഷത്തോളം രൂപ വിലവരും.

കസ്റ്റഡിയിലുള്ള യുവതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ആരാണ് മാരക ലഹരി മരുന്ന് അയച്ചത്, എവിടേക്കാണ് സാധനം എത്തിക്കാന്‍ ശ്രമിച്ചത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.