കിഴക്കമ്പലം സംഘര്‍ഷം; നാല് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ നാല് പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മണിപ്പൂര്‍ സ്വദേശികളായ ആദ്യ മൂന്ന് പ്രതികളെയും ജാര്‍ഖണ്ഡ് സ്വദേശിയായ പതിനാലാം പ്രതിയേയുമാണ് മൂന്ന് ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. സംഭവത്തില്‍ പ്രധാന പങ്ക് വഹിച്ചവരാണ് ഇവരെന്ന് പൊലീസ് അറിയിച്ചു.

പ്രകോപനപരമായി സംഘം ചേര്‍ന്നു, സിഐയെ വധിക്കാന്‍ ശ്രമിച്ചു, മാരകായുധങ്ങള്‍ ഉയോഗിച്ച് ആക്രമണം നടത്തി എന്നിങ്ങനെ ഗുരുതരമായ വകുപ്പുകളാണ് പ്രതികള്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളെ ചോദ്യം ചെയ്ത് സംഘര്‍ഷത്തിന് പിന്നിലെ കാരണങ്ങള്‍ കണ്ടെത്താനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ഇവര്‍ക്ക് എങ്ങനെയാണ് ലഹരിമരുന്നുകള്‍ ലഭിക്കുന്നത് എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് നിലവില്‍ 174 പ്രതികളെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

Read more

ശനിയാഴ്ച രാത്രി 12 മണിക്കാണ് കിറ്റെക്‌സ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ അക്രമം നടത്തിയത്. ഇവര്‍ ലേബര്‍ ക്യാമ്പിനുള്ളില്‍ ക്രിസ്മസ് കരോള്‍ നടത്തിയിരുന്നു. ഇതിനിടയില്‍ തൊഴിലാളികള്‍ക്കിടയില്‍ തര്‍ക്കം ഉണ്ടാകുകയും അത് പന്നെ സംഘര്‍ഷമാവുകയും ചെയ്തു. സ്ഥിതിഗതികള്‍ വഷളായതോടെ പൊലീസില്‍ വിവരം അറിയിച്ചു. എന്നാല്‍ സ്ഥലത്തെത്തിയ കുന്നത്ത്‌നാട് ഇന്‍സ്പെക്ടറെയും സംഘത്തെയും തൊഴിലാളികള്‍ അക്രമിക്കുകയായിരുന്നു. പൊലീസ് പിന്മാറിയതോടെ തൊഴിലാളികള്‍ പൊലീസ് ജീപ്പുകള്‍ തകര്‍ത്തു. ഒരു വാഹനം പൂര്‍ണമായി കത്തിക്കുകയും, രണ്ട് വാഹനങ്ങള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു.