ഇഡിയുടെ സമൻസ് തനിക്ക് ലഭിച്ചിട്ടില്ലെന്ന് ഡോ തോമസ് ഐസക്. സമൻസ് അയച്ച വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. ഇഡിയ്ക്ക് മുൻപിൽ ഹാജരാകില്ലെന്നും തോമസ് ഐസക് അറിയിച്ചു. കിഫ്ബി മസാല ബോണ്ട് കേസിൽ ജനുവരി 12ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചായിരുന്നു ഇഡിയുടെ സമൻസ്. കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദേശം.
സമൻസ് ലഭിച്ചിട്ടില്ലെന്നും സമൻസ് ലഭിച്ച ശേഷം തീരുമാനം എടുക്കും. ഇഡി നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. പന്ത്രണ്ടാം തീയതി ഹാജരാകില്ലെന്ന് ടിഎം തോമസ് ഐസക് പറഞ്ഞു. ഇഡി ബിജെപിയുടെ രാഷ്ട്രീയ ആയുധമാണ്. ഇഡിയെ ഭയക്കുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു.
നേരത്തെ മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് തെളിവുകളില്ലെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിച്ചിരുന്നു. ഇതിന് പിന്നാലെ തന്നെ കിഫ്ബി മസാല ബോണ്ട് കേസിൽ പുതിയ സമൻസ് നൽകുമെന്ന് ഇഡി വ്യക്തമാക്കിയിരുന്നു. കിഫ്ബി നിയമം ലംഘിച്ചെന്നും ഇഡി പറഞ്ഞിരുന്നു.
Read more
കിഫ്ബിക്കെതിരെ തെളിവുണ്ടെന്ന് ആവർത്തിക്കുന്ന നിലപാടായിരുന്നു ഹൈക്കോടതി വിധിക്ക് ശേഷവും ഇഡി സ്വീകരിച്ചിരുന്നത്. തെളിവിന്റെ അടിസ്ഥാനത്തിൽ പുതിയ സമൻസ് നൽകും, ഹൈക്കോടതി ഉത്തരവ് ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നായിരുന്നു ഇഡി നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മന്ത്രി തോമസ് ഐസക്കിന് ഇഡി ഇപ്പോൾ സമൻസ് അയച്ചിരിക്കുന്നത്.