ചെറിയ പെരുന്നാൾ ആഘോഷവുമായി കേരളം; പെരുന്നാൾ നമസ്കാരങ്ങളൊരുക്കി പള്ളികളും ഈദ്ഗാഹുകളും

കേരളത്തിൽ ഇന്ന് ചെറിയ പെരുന്നാൾ. വ്രതശുദ്ധിയുടെ നിറവിൽ പെരുന്നാളാഘോഷവുമായി വിശ്വാസികൾ സജീവമാണ്. വീടുകളിൽ മൈലാഞ്ചിയും, പാട്ടും, പാചകവുമൊക്കെയായി പെരുന്നാൾ തിരക്കുകൾ ഏറെയാണ്.

സംസ്ഥാനത്ത് ചെറിയ പെരുന്നാളിന്‍റെ ഭാഗമായി വിവിധയിടങ്ങളിൽ ഈദ് നമസ്കാരം നടന്നു. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന ഈദ് ഗാഹിന് പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവിയാണ് നേതൃത്വം നൽകിയത്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൊല്ലം ബീച്ചിലെ പെരുന്നാൾ നിസ്കാരത്തിൽ പങ്കെടുത്തു. കൊച്ചി കലൂർ നെഹ്രു സ്റ്റേഡിയത്തിൽ രാവിലെ 7.30ന് നടന്ന ഈദ് ഗാഹിന് ഷെരീഫ് മേലേതിൽ നേതൃത്വം നൽകി. ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും കലൂർ സ്റ്റേഡിയത്തിൽ നടന്ന നമസ്കാരത്തിൽ പങ്കെടുത്തു.

കോഴിക്കോട് ബീച്ചിൽ നടന്ന സംയുക്ത ഈദ് ഗാഹിന് ടി.ആരിഫലി നേതൃത്വം നൽകി. മർക്കസ് നോളേജ് സിറ്റി ജാമി ഉൽ ഫുതൂഹിലെ പെരുന്നാൾ നമസ്കാരത്തിന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരാണ് നേതൃത്വം നൽകിയത്. ചാലിയം ജുമാ മസ്ജിദിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ്‌ ഫൈസി നേതൃത്വം നൽകി.