കോഴിക്കോട് ബീച്ചില്‍ എട്ട് പേര്‍ക്ക് ഇടിമിന്നലേറ്റു; പരിക്കേറ്റവരില്‍ ഏഴ് പേര്‍ മത്സ്യത്തൊഴിലാളികള്‍

കോഴിക്കോട് ബീച്ചില്‍ ഇടിമിന്നലേറ്റ് എട്ട് പേര്‍ക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് 12 മണിയോടെ കോഴിക്കോട് സൗത്ത് ബീച്ചിലാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഏഴ് പേര്‍ മത്സ്യത്തൊഴിലാളികളും ഒരാള്‍ ബീച്ചില്‍ മത്സ്യം വാങ്ങാനെത്തിയയാളുമാണ്.

കടലില്‍ നിന്ന് വള്ളം കരയ്ക്ക് കയറ്റുമ്പോഴായിരുന്നു മത്സ്യത്തൊഴിലാളികള്‍ക്ക് മിന്നലേറ്റത്. അഷ്‌റഫ്, അനില്‍, ഷരീഫ്, മനാഫ്, സുബൈര്‍, സലീം, അബ്ദുള്‍ ലത്തീഫ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മഴയ്ക്ക് നേരിയ ശമനമുണ്ടായിരുന്നെങ്കിലും കോഴിക്കോട് ശക്തമായ ഇടിമിന്നലുണ്ടായിരുന്നു. പരിക്കേറ്റവരില്‍ ഒരാള്‍ മത്സ്യം വാങ്ങാനെത്തിയതായിരുന്നു.

അപകടത്തെ തുടര്‍ന്ന് ഒരാള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. നിലവില്‍ കോഴിക്കോട് ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും മണിക്കൂറുകളില്‍ കോഴിക്കോട്ടെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.