തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം: ജില്ലാ കളക്ടര്‍മാര്‍ എല്ലാ ദിവസവും റിപ്പോര്‍ട്ട് നല്‍കും

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവും സ്വീകരിച്ച നടപടികളും സംബന്ധിച്ച് ജില്ലാ കളക്ടര്‍മാര്‍ എല്ലാ ദിവസവും വൈകിട്ട് അഞ്ചിനകം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. ചട്ടം ലംഘിച്ച് സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍, പോസ്റ്ററുകള്‍, മറ്റു പ്രചാരണ സാമഗ്രികള്‍ എന്നിവ നീക്കം ചെയ്യാന്‍ നേരത്തെ തന്നെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഓരോ ദിവസവും ജില്ലകളില്‍ സ്വീകരിക്കുന്ന നടപടിയുടെ റിപ്പോര്‍ട്ടാണ് ജില്ലാ കളക്ടര്‍മാര്‍ നല്‍കേണ്ടത്. ഇത് പരിശോധിക്കുന്നതിന് നോഡല്‍ ഓഫീസറായി ജോ. ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ കെ. ജീവന്‍ബാബുവിനെ ചുമതലപ്പെടുത്തി. മതപരമായ ചിഹ്നങ്ങള്‍, ചിത്രങ്ങള്‍ എന്നിവ ഉപയോഗിച്ച് പ്രചാരണം നടത്തുന്നത് സംബന്ധിച്ച പരാതികളും നോഡല്‍ ഓഫീസര്‍ പരിശോധിക്കും.

പൊതുനിരത്തുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍, പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവിടങ്ങളില്‍ പെരുമാറ്റചട്ടം ലംഘിക്കുന്ന വിധത്തില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യങ്ങള്‍ ഉടനടി നീക്കം ചെയ്യും. മന്ത്രിമാര്‍, രാഷ്ട്രീയ കക്ഷികള്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവരുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്യണം. പൊതുസ്ഥലങ്ങളില്‍ പെരുമാറ്റച്ചട്ടം ലംഘിച്ച് സ്ഥാപിച്ചിട്ടുള്ള പോസ്റ്ററുകളും ബോര്‍ഡുകളും മറ്റും നീക്കം ചെയ്യുന്നതിനാവശ്യമായ സുരക്ഷ പോലീസ് നല്‍കും. ജില്ലകളില്‍ ഫ്ളയിംഗ് സ്‌ക്വാഡുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കും. കഴിഞ്ഞ ദിവസം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേര്‍ന്നു.

അഡീഷണല്‍ ചീഫ് സെക്രട്ടറി ടി. കെ. ജോസ്, ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ആര്‍. ജ്യോതിലാല്‍, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, പൊതുമരാമത്ത് സ്പെഷ്യല്‍ സെക്രട്ടറി കെ. മിനി, തദ്ദേശസ്വയംഭരണ സെക്രട്ടറി ഗോപാലകൃഷ്ണ ഭട്ട്, എ. ഡി. ജി. പി അനന്തകൃഷ്ണന്‍, ഐ. ജിമാരായ ദിനേന്ദ്രകശ്യപ്, പി. വിജയന്‍, മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.