വൈദ്യുതി നിരക്ക് വര്‍ദ്ധന ഇന്ന് മുതല്‍, യൂണിറ്റിന് കൂട്ടിയത് 9 പൈസ

സംസ്ഥാനത്ത് ഇന്നുമുതല്‍ നാലുമാസത്തേക്ക് വൈദ്യുതി നിരക്കില്‍ വര്‍ദ്ധന. യൂനിറ്റിന് ഒമ്പത് പൈസയാണ് കൂടുന്നത്. പ്രതിമാസം നൂറുയൂണിറ്റ് വൈദ്യുതി ഉപയോഗിക്കന്നവര്‍ക്ക് രണ്ടുമാസത്തെ ബില്‍ വരുമ്പോള്‍ പതിനെട്ടുരൂപ അധികം നല്‍കണം

മറ്റുള്ളവരില്‍ നിന്ന് മെയ് 31 വരെയാണ് ഇന്ധന സര്‍ചാര്‍ജ് ഈടാക്കുക. കഴിഞ്ഞവര്‍ഷം ജൂണില്‍ 25 പൈസയോളം യൂനിറ്റിന് പൊതുവായി കൂട്ടിയിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷവും സര്‍ച്ചാര്‍ജ് അപേക്ഷകളില്‍ റെഗുലേറ്ററി കമ്മിഷന്‍ തീരുമാനമെടുത്തിരുന്നില്ല.

2022ല്‍ പുറത്തുനിന്നു വൈദ്യുതി വാങ്ങിയതില്‍ ബോര്‍ഡിനുണ്ടായ അധിക ബാധ്യത നികത്തുന്നതിന് വേണ്ടിയാണ് നിരക്ക് വര്‍ധിപ്പിച്ചത്. 87.7 കോടി രൂപയാണ് പിരിച്ചെടുക്കുക.

സംസ്ഥാനത്തെ ഇതര വിതരണ ലൈസന്‍സികളുടെ ഉപയോക്താക്കള്‍ക്കും ബാധകമാണ്. ആയിരം വാട്‌സ് വരെ കണക്റ്റഡ് ലോഡ് ഉള്ളതും പ്രതിമാസം 40 യൂണിറ്റില്‍ കവിയാതെ ഉപഭോഗം ഉള്ളതുമായ ഗാര്‍ഹിക ഉപയോക്താക്കളെ ഇന്ധന സര്‍ചാര്‍ജില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.