ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ വീണ്ടും നിരാശപ്പെടുത്തി വിരാട് കോഹ്ലി. സിഡ്‌നിയിൽ നടക്കുന്ന അവസാന ടെസ്റ്റ് മത്സരത്തിൽ വിരാട് നേടിയത് 69 പന്തുകളിൽ നിന്നായി 17 റൺസ് ആണ്. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടിയ വിരാട് പിന്നീട് ആ മികവ് ബാക്കിയുള്ള മത്സരങ്ങളിൽ തുടരുന്നതിൽ പരാജയപെട്ടു. വീണ്ടും ഓഫ് സൈഡ് കുരിക്കിലാണ് വിരാട് ഔട്ട് ആയത്.
ഇതോടെ താരത്തിന് നേരെ രൂക്ഷ വിമർശനവുമായി ഒരുപാട് മുൻ താരങ്ങളും ആരാധകരും രംഗത്ത് എത്തുകയാണ്. നിലവിൽ രോഹിത് ശർമ്മ ടെസ്റ്റിൽ നിന്ന് വിരമിക്കാൻ സാധ്യതയുള്ളതിനാൽ വിരാട് കോഹ്‌ലിയുടെ സ്ഥാനത്തിന്റെ കാര്യത്തിലും ഉടൻ ഒരു തീരുമാനം ഉണ്ടാകാനാണ് സാധ്യത.
തുടക്കത്തിൽ നിലയുറപ്പിക്കുന്നതിൽ ഇന്ത്യ പരാജയപ്പെടുകയായിരുന്നു. ഓപ്പണർമാരായ യശസ്‌വി ജയ്‌സ്വാൾ ( 26 പന്തിൽ 10 റൺസ്), കെ എൽ രാഹുൽ (14 പന്തിൽ 4 റൺസ്) എന്നിവർ നിറം മങ്ങി. തുടർന്ന് വന്ന യുവ താരം ശുഭ്മാൻ ഗിൽ (64 പന്തിൽ 20 റൺസ്) പിടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും അവസാനം വിക്കറ്റ് നഷ്ടപ്പെടുത്തി.
നിലവിൽ മത്സരത്തിൽ പൂർണ ആധിപത്യത്തിൽ നിൽക്കുന്നത് ഓസ്‌ട്രേലിയ തന്നെയാണ്. 76 റൺസിന് 4 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ നിൽക്കുന്നത്. ഈ മത്സരവും തോറ്റാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കാണാതെ ഇന്ത്യ പുറത്താകും.