സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് വർധിപ്പിക്കേണ്ടി വരും; മന്ത്രി കെ കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. വൈദ്യുതി പുറത്ത് നിന്ന് വാങ്ങുമ്പോൾ അവരാണ് വില നിശ്ചയിക്കുന്നത്. നിരക്കിൽ ചെറിയ വർധനവ് വേണ്ടി വരുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.

വൈദ്യുതി പുറത്ത് നിന്ന് വാങ്ങുമ്പോള്‍ അവരാണ് വില നിശ്ചയിക്കുന്നത്. വില വർധനവ് തീരുമാനിക്കുന്നത് റെഗുലേറ്ററി കമ്മീഷനാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം വൈദ്യുതി ഉപയോ​ഗം കുറയ്ക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയിൽ കുറവു വന്നതിനാലാണ് ഉപയോ​ഗം കുറിക്കണമെന്ന് കെഎസ്ഇബി അഭ്യർഥിച്ചത്. ഇടുക്കി, കൂടംകുളം വൈദ്യുതി നിലയങ്ങളിലെ ജനറേറ്ററുകളുടെ സാങ്കേതിക തകരാറായിരുന്നു പ്രതിസന്ധിയ്ക്ക് കാരണം. അതേസമയം ചുരുങ്ങിയ സമയത്തേക്ക് ചിലപ്പോൾ വൈദ്യുതി വിതരണത്തിൽ നിയന്ത്രണമുണ്ടാകുമെന്നും കെഎസ്ഇബി മുന്നറിയിപ്പ് നൽകിയിരുന്നു.

Read more

അതേസമയം സംസ്ഥാനത്തെ റദ്ദാക്കിയ കെഎസ്ഇബി കരാർ പുനഃസ്ഥാപിക്കാൻ മന്ത്രി സഭ യോഗത്തിൽ സർക്കാർ തീരുമാനിച്ചു. ഇത് സംബന്ധിച്ച് റെഗുലേറ്ററി കമ്മീഷന് സർക്കാർ നിർദേശം നല്‍കും. യുഡിഎഫ് കാലത്തെ 450 മെഗാ വാട്ട് വാട്ടിന്റെ കരാറാണ് പുനഃസ്ഥാപിക്കുന്നത്. സാങ്കേതിക പ്രശ്‍നം ഉന്നയിച്ച് റദ്ദാക്കിയ കരാറുകൾ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി മൂലമാണ് പുനഃസ്ഥാപിക്കുന്നത്.