വൈദ്യുതി നിരക്ക് 70 പൈസ കൂട്ടണം; പ്രഖ്യാപനം സര്‍ക്കാരിന്റെ അഭിപ്രായത്തിന് ശേഷമെന്ന് വൈദ്യുതി ബോര്‍ഡ്

വൈദ്യുതി നിരക്ക് യൂണിറ്റിന് ശരാശരി എഴുപത് പൈസ കൂട്ടണമെന്ന ആവശ്യവുമായി വൈദ്യുതി ബോര്‍ഡ്. വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ വെബ്‌സൈറ്റ് പുറത്തുവിട്ട കെഎസ്ഇബിയുടെ താരിഫ് പെറ്റീഷനിലാണ് പുതിയ നിരക്കുകള്‍ സംബന്ധിച്ച് വിശദീകരിച്ചിരിക്കുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ നിരക്ക് 70 പൈസ കൂട്ടണം എന്നാണ് ആവശ്യം. ഗാര്‍ഹിക ഉപഭോക്താക്കളുടെ സ്ഥിരനിരക്ക് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ തന്നെ വര്‍ധിപ്പിക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെടുന്നു.

അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ 2026-27 സാമ്പത്തിക വര്‍ഷം വരെയുള്ള നിരക്ക് വര്‍ധനയെ സംബന്ധിച്ചുള്ള വിവരങ്ങളാണ് ബോര്‍ഡ് കമ്മിഷന് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്. റഗുലേറ്ററി കമ്മിഷന്‍ ഇക്കാര്യത്തില്‍ പൊതുതെളിവെടുപ്പ് നടത്തി സര്‍ക്കാരിന്റെ അഭിപ്രായം കൂടി കേട്ടതിന് ശേഷമാകും നിരക്ക് പ്രഖ്യാപനം ഉണ്ടാകുക.

അടുത്ത സാമ്പത്തിക വര്‍ഷം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവരുടെ നിരക്ക് 3.15ല്‍ നിന്ന് 3.50 ആകും. 51 മുതല്‍ 100 യൂണിറ്റ് വരെ 3.70ല്‍ നിന്ന് 4.10 ആക്കണം. 101 മുതല്‍ 150 വരെ 4.80ല്‍ നിന്ന് 5.50 രൂപയും, 151 മുതല്‍ 200 വരെ 6.40ല്‍ 7 രൂപയും, 201 മുതല്‍ 250 വരെ 7.60ല്‍ നിന്ന് എട്ടുരൂപയും നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ബോര്‍ഡ് പറയുന്നത്. ഈ പറഞ്ഞ യൂണിറ്റുകളെക്കാള്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് മൊത്തം വൈദ്യുതിക്കും ഒരേ നിരക്കായിരിക്കും. മാസം 300 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ 6.50 രൂപ നല്‍കണം. ഇപ്പോഴത്തെ നിരക്ക് 5.80 ആണ്.

2023 ആകുമ്പോഴേക്കും ബി.പി.എല്‍ വിഭാഗത്തിന് യൂണിറ്റിന് 20 പൈസ വരെ വര്‍ധിപ്പിക്കണമെന്നും ശിപാര്‍ശ ചെയ്തിട്ടുണ്ട്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ യൂണിറ്റിന് 10 പൈസയും 2025-26ല്‍ 10 മുതല്‍ 20 പൈസ വരെയും നിരക്ക് വര്‍ധിപ്പിക്കണം. 2026 -27 ആകുമ്പോള്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു 10 പൈസ കൂട്ടണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ത്രീഫെയ്‌സ് ഉപയോക്താക്കളുടെ ഫിക്‌സഡ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. നിരക്ക് ഇരട്ടിയാക്കണം എന്നാണ് പറഞ്ഞിരിക്കുന്നത്.