കെ.എസ്.ആര്‍.ടി.സി. ശമ്പളബാധ്യത ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മറ്റു ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍പോലെ ഇതിനെയും മാറ്റിയെടുക്കാനുള്ള ശ്രമങ്ങളോട് ജീവനക്കാര്‍ മുഖംതിരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ നല്‍കിയ സത്യവാങ്മൂലത്തിലാണ് രൂക്ഷമായ കുറ്റപ്പെടുത്തല്‍.
ശമ്പളവിതരണത്തിന്റെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് മറുപടി സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 22 വരെയുളള കണക്കനുസരിച്ച് സാമ്പത്തികവര്‍ഷത്തില്‍ 1315.005 കോടി രൂപയുടെ സഹായം കെ.എസ്.ആര്‍.ടി.സി.ക്ക് നല്‍കിയിട്ടുണ്ട്.
ശമ്പളമടക്കം നല്‍കാനായി ഇതിനുപുറമേ 50 കോടിയും എല്ലാമാസവും നല്‍കുന്നുണ്ട്. പെന്‍ഷന്‍ നല്‍കാനായി 62.67 കോടിയും ഈ മാസം അനുവദിക്കുന്നുണ്ട്. സ്വതന്ത്രമായ സ്ഥാപനമാണ് കെ.എസ്.ആര്‍.ടി.സി. ഇത്തരം സ്ഥാപനങ്ങളുടെ ദൈനംദിനകാര്യങ്ങള്‍ക്ക് സഹായംനല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയില്ല. കോവിഡ്കാലത്ത് സഹായംനല്‍കിയതിന്റെ പേരില്‍ എന്നും ഇത് തുടര്‍ന്നു പോകണമെന്ന നിലപാട് അംഗീകരിക്കാനാവില്ല.
Read more
ഇത് സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ വിഷയമാണ്. കോടതിയുടെ പരിഗണനയില്‍വരുന്ന വിഷയമല്ല. കാര്യക്ഷമതയില്ലായ്മകൊണ്ടും തൊഴില്‍മികവ് ഇല്ലായ്മകൊണ്ടും പ്രതിസന്ധിയിലാകുന്ന സ്ഥാപനങ്ങളെ സഹായിക്കാന്‍ സര്‍ക്കാരിന് ബാധ്യതയില്ല. സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.