ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ഇപി-പ്രകാശ് ജാവ്‌ദേക്കര്‍ കൂടിക്കാഴ്ച വിവാദത്തില്‍ ബിജെപി നേതാവ് ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ഇരുവര്‍ക്കുമെതിരെ നേരത്തെ ഇപി വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിപിയ്ക്ക് പരാതി നല്‍കിയത്.

ശോഭ സുരേന്ദ്രനെയും ദല്ലാള്‍ നന്ദകുമാറിനെയും കൂടാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി അധ്യക്ഷനുമായ കെ സുധാകരനെതിരെയും ഇപി ജയരാജന്‍ നോട്ടീസ് അയച്ചിരുന്നു. തന്നെയും താന്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടിയെയും അവഹേളിക്കുന്നതാണ് ഇരുവരുടെയും പ്രസ്താവനയെന്ന് ആരോപിച്ചാണ് ഇപി പരാതി നല്‍കിയത്.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് വിവാദങ്ങള്‍ പുറത്തുവന്നത്. ഇതിന് പിന്നാലെ ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകാന്‍ താത്പര്യം പ്രകടിപ്പിച്ച് താനുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണവുമായാണ് ശോഭ സുരേന്ദ്രന്‍ രംഗത്തെത്തിയത്. പിന്നാലെ ഇപി ജയരാജനെതിരെ പാര്‍ട്ടി നടപടിയുണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം നടന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ വിഷയം ചര്‍ച്ചയായെങ്കിലും ഇപിയ്ക്ക് അനുകൂല നിലപാടായിരുന്നു സിപിഎം സ്വീകരിച്ചത്. ഇതിനെ തുടര്‍ന്നാണ് ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരെ ഇപി ജയരാജന്‍ നിയമ നടപടി ആരംഭിച്ചത്.