മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിന്റെ കാരണം വെളിപ്പെടുത്തി സിപിഎം സംസ്ഥാന കമ്മിറ്റി സെക്രട്ടറി എംവി ഗോവിന്ദന്‍. പ്രവര്‍ത്തനരംഗത്തെ പോരായ്മയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇപി ജയരാജനെ മാറ്റാനുണ്ടായ സാഹചര്യമെന്നാണ് എംവി ഗോവിന്ദന്റെ വെളിപ്പെടുത്തല്‍.
പോരായ്മ പരിഹരിച്ച് മുന്നോട്ടു കൊണ്ടുപോകാനുള്ള പരിശ്രമം നടത്തി. എന്നാല്‍ അതിന് ശേഷവും തിരഞ്ഞെടുപ്പ് സമയത്ത് ഇപി വിവാദങ്ങള്‍ ഉണ്ടാക്കിയെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ഒടുവില്‍ പാലക്കാട്-വയനാട് ഉപതിരഞ്ഞെടുപ്പ് കാലത്ത് ഡിസി ബുക്‌സുമായി ബന്ധപ്പെട്ടായിരുന്നു ഇപി ജയരാജന്റെ വിവാദം.
നേരത്തെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇപി ജയരാജനും ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായി നടന്ന കൂടിക്കാഴ്ച വിവാദമായിരുന്നു. അതേസമയം എംവി ഗോവിന്ദന്റെ വെളിപ്പെടുത്തല്‍ സംഘടനാ റിപ്പോര്‍ട്ടിലുള്ള മറുപടിയിലായിരുന്നു. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന മധു മുല്ലശ്ശേരിയ്‌ക്കെതിരെയും എംവി ഗോവിന്ദന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.
Read more
തിരുവനന്തപുരം ജില്ലയില്‍ തെറ്റ് തിരുത്തല്‍ രേഖ നടപ്പായിരുന്നെങ്കില്‍ മധു മുല്ലശ്ശേരിമാര്‍ ഉണ്ടാകില്ലായിരുന്നുവെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. പുതിയ ജില്ലാ സെക്രട്ടറിയെ മധു മുല്ലശ്ശേരി കാണാന്‍ വന്നത് പണപ്പെട്ടിയില്‍ മണക്കുന്ന സ്‌പ്രേയും വിലപിടിപ്പുള്ള തുണിത്തരങ്ങളും ആയിട്ടാണ്. മധു മുല്ലശേരിക്ക് ആറ്റിങ്ങലില്‍ ഒരു ലോഡ്ജുണ്ട്. അതിനെതിരെ വലിയ പരാതികള്‍ പാര്‍ട്ടി നേതൃത്വത്തിന് കിട്ടിയിട്ടുണ്ടെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.