തന്റെ ആത്മകഥ പൂര്‍ത്തിയായിട്ടില്ലെന്നും ആരേയും പ്രസിദ്ധീകരിക്കാന്‍ ചുമതലപ്പെടുത്തിയിട്ടില്ലെന്നും സിപിഎം നേതാവ് ഇ പി ജയരാജന്. താനെഴുതാത്ത തന്നോട് സമ്മതം ചോദിക്കാത്ത ആത്മകഥ താനറിയാതെ പ്രകാശനം ചെയ്യുമെന്ന് പറയുന്നത് ക്രിമിനല്‍ കുറ്റമാണെന്നും ഡിസി ബുക്സിനെ വിമര്‍ശിച്ച് ഇപി ജയരാജന് പറഞ്ഞു. താന്‍ എഴുതാത്ത കാര്യങ്ങളാണ് മാധ്യമങ്ങളില്‍ പ്രചരിച്ചത്. തിരഞ്ഞെടുപ്പ് ദിവസം തയാറാക്കിയ ആസൂത്രിത പദ്ധതിയാണിതെന്നും ഇപി ജയരാജന് പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഇതുപോലൊരു സംഭവമുണ്ടായെന്ന് ചൂണ്ടിക്കാണിച്ചാണ് ഇത് ആസൂത്രിത പദ്ധതിയാണെന്ന് ജയരാജന് പറഞ്ഞത്. മാങ്ങയുള്ള മാവിലല്ലേ കല്ലെറിയുവെന്നും സംഭവത്തെ കുറിച്ച് ഇപി ജയരാജന് പ്രതികരിച്ചു.
പുസ്തക വിവാദത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയെന്ന് ഇ.പി ജയരാജന് പറഞ്ഞു. എന്റെ പുസ്തകം ഞാനറിയാതെ എങ്ങനെ പ്രസിദ്ധീകരിക്കുമെന്നാണ് പുറത്തുവന്ന ഉള്ളടക്കത്തേക്കുറിച്ചുള്ള റിപ്പോര്‍ട്ടിനെ കുറിച്ച് ഇപിയുടെ പ്രതികരണം.
എന്റെ ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ബോധപൂര്‍വമാണ് വാര്‍ത്ത പുറത്തുവന്നത്. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ഡി.സി ബുക്സിനെ ഏല്‍പ്പിച്ചിട്ടില്ല. ഞാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. സമഗ്രമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. എന്റെ പുസ്തകം ഞാനറിയാതെ എങ്ങനെയാണ് പ്രസിദ്ധീകരിക്കുക ?
എന്നെ പരിഹസിക്കുന്ന തലക്കെട്ട് പുസ്തകത്തിന് താന്‍ കൊടുക്കുമോയെന്നും ഇപി ജയരാജന് പറഞ്ഞു. കവര്‍ പേജൊന്നും തീരുമാനിച്ചിട്ടില്ലെന്നും ആത്മകഥ 200 പേജൊക്കെ എഴുതി കാണുകയുള്ളുവെന്നും ഇപി പറഞ്ഞു. ഒന്നില്‍ കൂടുതല്‍ പ്രസാധകര് തന്നെ സമീപിച്ചിരുന്നെന്നും തന്നോട് ഡി.സി. ബുക്സും മാതൃഭൂമി ബുക്സും ചോദിച്ചിരുന്നുവെന്നും ഇപി പറഞ്ഞു. പ്രസിദ്ധീകരിക്കാന്‍ ചിന്ത ബുക്സ് വന്നാല്‍ അവരോട് സംസാരിക്കും. വിശ്വസ്തനായ പത്രപ്രവര്‍ത്തകനെ എഡിറ്റ് ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വഴി പുസ്തകം പുറത്തുപോകാന്‍ വഴിയില്ലെന്നും ഇപി പറയുന്നു. പുസ്തക പ്രസാധനത്തിന് ഒരാളുമായും കരാറില്ലെന്നും വാര്‍ത്ത വന്ന ശേഷം ഡി.സി ബുക്സിനെ വിളിച്ചിരുന്നുവെന്നും അവര്‍ അന്വേഷിക്കാമെന്നാണ് പറഞ്ഞതെന്നും ഇപി പറഞ്ഞു.
Read more
തനിക്കെതിരെ വ്യക്തിഹത്യ നടത്തി പാര്‍ട്ടിയെ തകര്‍ക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞ ഇപി അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്കി. പക്ഷേ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഡിസി ബുക്സിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ച ഇപിയുടെ ഡിജിപിയ്ക്കുള്ള പരാതിയില്‍ ഡിസി ബുക്സിന്റെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നതാണ് രസകരം. ഡിസി ബുക്സാകട്ടെ തങ്ങളുടെ പേജില്‍ നിന്ന് പുസ്തകവുമായി ബന്ധപ്പെട്ട പോസ്റ്റും നീക്കിയിട്ടില്ല. പുസ്തകം പ്രസിദ്ധീകരിക്കുമ്പോള്‍ കാര്യം വ്യക്തമാകുമെന്ന നിലപാടിലാണ് ഡിസി ബുക്സ്.