സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ്റെ ആത്മകഥ ചോർന്നത് ഡിസി ബുക്സിൽ നിന്ന് തന്നെയെന്ന് പൊലീസ് റിപ്പോർട്ട്. കേസിലെ അന്വേഷണ റിപ്പോർട്ട് കോട്ടയം എസ്പി ഡിജിപിക്ക് കൈമാറി. ആത്മകഥ ചോർന്നത് ഡിസിയുടെ പബ്ലിക്കേഷൻ വിഭാഗം മേധാവിയായ ശ്രീകുമാറിൽ നിന്നാണെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ പൊലീസിന് നേരിട്ട് കേസ് എടുക്കാൻ കഴിയില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
അതേസമയം ആത്മകഥയുടെ ആദ്യഭാഗം ഡിസംബറിൽ പ്രസിദ്ധീകരിക്കുമെന്ന് ഇപി ജയരാജൻ അറിയിച്ചിരുന്നു. പാർട്ടിയുടെ അനുവാദം വാങ്ങി പുസ്തകം പ്രസിദ്ധീകരിക്കുമെന്നും പുസ്തകത്തിൻ്റെ പ്രസാധകരെ തീരുമാനിച്ചിട്ടില്ലെന്നുമാണ് ഇപി അറിയിച്ചത്. നിലവിൽ പുറത്ത് വന്ന ഭാഗങ്ങൾക്ക് എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥയുമായി ബന്ധമില്ലെന്നും ഇപി വ്യക്തമാക്കി.
കട്ടൻ ചായയും പരിപ്പുവടയും എന്ന തന്നെ പരിഹസിക്കുന്ന പേര് ആയിരിക്കില്ല പുസ്തകത്തിനെന്നും ഇപി പറഞ്ഞു. ആത്മകഥയുടെ പേര് ഇപ്പോൾ നിശ്ചയിച്ചിട്ടില്ല. നേരത്തെ ആത്മകഥയുടെ ഭാഗമെന്ന നിലയിൽ പുറത്ത് വന്ന ഉള്ളടക്കങ്ങൾ സംബന്ധിച്ച് നൽകിയ പരാതിയിൽ അന്വേഷണ സംഘം പിന്നീട് മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും ഇപി ജയരാജൻ വ്യക്തമാക്കി.