328 പള്ളികളിലും ഏകീകൃത കുര്‍ബാന നടക്കണം; വിയോജിപ്പുള്ളവര്‍ക്ക് സഭയില്‍ നിന്നും പുറത്തുപോകാം; വിമത പ്രവര്‍ത്തനം അനുവദിക്കില്ല; അച്ചടക്കവാളെടുത്ത് വത്തിക്കാന്‍; സിറില്‍ വാസില്‍ വീണ്ടും കേരളത്തിലേക്ക്

എറണാകുളം-അങ്കമാലി രൂപതയിലെ ഏകീകൃത കുര്‍ബാന അര്‍പ്പണത്തില്‍ നടപടി കടുപ്പിച്ച് വത്തിക്കാന്‍. ഇതിനായി മാര്‍പാപ്പയുടെ പ്രതിനിധിയെ വീണ്ടും കേരളത്തിലേക്ക് അയക്കാന്‍ വത്തിക്കാന്‍ തീരുമാനിച്ചു. നവംബര്‍ ആദ്യവാരത്തില്‍ തന്നെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രതിനിധിയായ ആര്‍ച്ച്ബിഷപ് സിറില്‍ വാസില്‍ കേരളത്തിലെത്തും.

മാര്‍പാപ്പയുടെ ഉത്തരവിനെതിരെ വിമത പ്രവര്‍ത്തനം നടത്തുന്ന വൈദികരെ സഭയില്‍ നിന്നും പുറത്താക്കാനാണ് വത്തിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതു നടപ്പിലാക്കാനാണ് ആര്‍ച്ച്ബിഷപ് സിറില്‍ വാസില്‍ കേരളത്തിലേക്ക് എത്തുന്നത്. ഇക്കാര്യം എറണാകുളം-അങ്കമാലി രൂപതയെ വത്തിക്കാന്‍ നേരിട്ട് അറിയിച്ചിട്ടുണ്ട്. വിമത പ്രവര്‍ത്തനങ്ങള്‍ സഭയില്‍ അനുവദിക്കില്ലെന്നും, ഇത്തരം പ്രതിക്ഷേധങ്ങള്‍ ഉള്ള വൈദികര്‍ക്ക് പൗരോഹിത്വം ഉപേക്ഷിച്ച് സഭയ്ക്ക് പുറത്തുപോകാമെന്നുമാണ് വത്തിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ആര്‍ച്ച്ബിഷപ് സിറില്‍ വാസില്‍ കേരളത്തിലേക്ക് എത്തുന്നതിന് മുമ്പ് 328 പള്ളികളിലും ഏകീകൃത കുര്‍ബാന അര്‍പ്പിക്കുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകില്ലെന്നും വത്തിക്കാന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

അതിരൂപതയുടെ കീഴിലുള്ള പള്ളികളില്‍ വിശ്വാസികളുടെ ഒപ്പം ചേര്‍ന്ന് വിമതരെ ഒറ്റപ്പെടുത്താനും. വത്തിക്കാന്‍ നിര്‍ദേശം എതിര്‍ക്കുന്ന വൈദികരെ പള്ളികളില്‍ നിന്നും പിന്‍വലിക്കാനുമാണ് വാസിലിന് നിര്‍ദേശം നല്‍കുന്നത്. വത്തിക്കാന്റെ പ്രതിനിധി വീണ്ടും കേരളത്തിലേക്ക് വരുന്ന കാര്യം വിദേശകാര്യമന്ത്രാലയത്തെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. നവംബര്‍ ആറിന് എട്ടിനും ഇടയ്ക്ക് പ്രതിനിധി ഇന്ത്യയിലേക്ക് വരുമെന്നാണ് വത്തിക്കാന്‍ അറിയിച്ചിരിക്കുന്നത്.

നേരത്തെ, ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്നാവശ്യപ്പെട്ടാണ് 12 വൈദികര്‍ക്ക് മാര്‍ സിറില്‍ വാസില്‍ കത്തു നല്‍കിയിരുന്നു. മാര്‍ സിറില്‍ വാസിലുമായി ചര്‍ച്ചയ്ക്ക് അതിരൂപത വൈദികര്‍ തിരഞ്ഞെടുത്ത 12 അംഗ അഡ്ഹോക് കമ്മിറ്റി അംഗങ്ങള്‍ക്കാണ് കത്ത് കൈമാറിയത്.

അതിരൂപതയിലെ പള്ളികളില്‍ ഉടന്‍ ആരംഭിക്കണമെന്നും അല്ലാത്തപക്ഷം നടപടി നേരിടേണ്ടി വരുമെന്നും വൈദികര്‍ക്ക് മാര്‍പാപ്പയുടെ പ്രതിനിധി താക്കീത് നല്‍കി. എന്നാല്‍, എല്ലാവരും കത്ത് കൈപ്പറ്റിയിട്ടില്ല. പേപ്പല്‍ ഡെലിഗേറ്റ് ആര്‍ച്ച് ബിഷപ്പ് മാര്‍ സിറില്‍ വാസില്‍ വത്തിക്കാനിലേക്ക് മടങ്ങുന്നതിന് മുന്നോടിയാണ് കത്ത് കൈമാറിയത്. ഈ കത്തിലായിരിക്കും ആദ്യ നടപടി സ്വീകരിക്കുക.

ഓഗസ്റ്റ് 20 മുതല്‍ അതിരൂപതയില്‍ സിനഡ് അംഗീകരിച്ച ഏകീകൃത കുര്‍ബാന അര്‍പ്പണം നിര്‍ബന്ധമാക്കി മാര്‍ സിറില്‍ വാസില്‍ കല്‍പ്പന പുറപ്പെടുവിച്ചിരുന്നു. അതിരൂപതയിലെ 328 പള്ളികളില്‍ ചുരുക്കം ചിലയിടത്തു മാത്രമാണ് സിനഡ് കുര്‍ബാന അര്‍പ്പിച്ചത്. കുര്‍ബാന തര്‍ക്കവുമായി ബന്ധപ്പെട്ട് മാര്‍പാപ്പയുടെ പ്രതിനിധിയുടെ നിര്‍ദേശം നടപ്പിലാക്കിയില്ലെങ്കില്‍ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നേരത്തേ നല്‍കിയിരുന്നു.

എന്നാല്‍, ഇത് തള്ളിക്കളഞ്ഞ വൈദികര്‍ ഭൂരിഭാഗം പള്ളികളിലും ജനാഭിമുഖ കുര്‍ബാന അര്‍പ്പിച്ചു. മാര്‍പാപ്പ നേരിട്ട് നിയോഗിച്ച വ്യക്തിയായതിനാല്‍ പേപ്പല്‍ ഡെലിഗേറ്റ് എടുക്കുന്ന തീരുമാനങ്ങള്‍ മാര്‍പാപ്പയുടെ നിര്‍ദേശങ്ങളായാണ് കാണുന്നത്. ഇത് അംഗീകരിക്കാത്തത് ഗുരുതരമായ അച്ചടക്ക ലംഘനമായാണ് വിലയിരുത്തിയിരുന്നു.

കത്തോലിക്കാ കൂട്ടായ്മയെ നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള അച്ചടക്കരാഹിത്യം സഭയ്ക്ക് അത്യന്തം അപകടകരമാണെന്ന് ബിഷപ്പ് സിറില്‍ വാസില്‍ പറഞ്ഞിരുന്നു. കൂട്ടായ്മയാണ് സഭയുടെ ശക്തിയെന്ന കാര്യം വിസ്മരിക്കരുതെന്ന് മാര്‍ ആലഞ്ചേരി പറഞ്ഞു. എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടി മാര്‍പാപ്പ നിയോഗിച്ച പൊന്തിഫിക്കല്‍ ഡെലിഗേറ്റ് ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസിലിനെതിരേ കത്തീഡ്രല്‍ ബസിലിക്കയിലുണ്ടായ പ്രതിഷേധം സഭയ്ക്ക് അഗാധമായ ദുഃഖമുണ്ടാക്കിയെന്നും കര്‍ദിനാള്‍ വ്യക്തമാക്കി.

കൊച്ചിയില്‍ നിന്ന് തിരിച്ച് വത്തിക്കാനിലെത്തിയ സിറില്‍ വാസില്‍ ഓഗസ്റ്റ് 23-ാം തിയതി വത്തിക്കാനില്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഓഗസ്റ്റ് 4 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ അദ്ദേഹം നടത്തിയ സന്ദര്‍ശനത്തെക്കുറിച്ചും അതിരൂപതയിലെ ഇപ്പോഴത്തെ സ്ഥിതിഗതികളെകുറിച്ചും അദേഹം മാര്‍പ്പാപ്പയെ അറിയിച്ചിരുന്നു.

തുടര്‍ന്ന് നടത്തിയ ചര്‍ച്ചകളുടെയും കൂടിക്കാഴ്ച്ചകളുടെയും അടിസ്ഥാനത്തിലാണ് കടുത്ത തീരുമാനത്തിലേക്ക് വത്തിക്കാന്‍ കടന്നിരിക്കുന്നത്.
മാര്‍പാപ്പയുടെയും പൗരസ്ത്യ തിരുസംഘത്തിന്റെയും നിര്‍ദ്ദേശങ്ങളുടെ വെളിച്ചത്തില്‍ ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കാനും വേണ്ടിവന്നാല്‍ നടപടി എടുക്കാനും മാര്‍പാപ്പ സിറില്‍ വാസിലിനോട് ഉത്തരവിട്ടിട്ടുണ്ട്. ഡെലഗേറ്റ് ആര്‍ച്ച്ബിഷപ് സിറില്‍ വാസിലിനോട് നിഷേധാത്മക സമീപനം സ്വീകരിച്ചവര്‍ക്ക് കത്തോലിക്കാ കൂട്ടായ്മയില്‍ തുടരാനാകാത്ത സാഹചര്യമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്.