യുവജന കമ്മീഷന്‍ അധ്യക്ഷയുടെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അധ്യാപികയും സാമൂഹ്യപ്രവര്‍ത്തകയുമായ എസ്. ശാരദക്കുട്ടി. മലയാള ചരിത്രത്തിലെ എക്കാലത്തെയും മികച്ച കവിതയായ വാഴക്കുലയുടെ രചയിതാവിന്റെ പേര് വരെ തെറ്റിച്ച ചിന്താ ജെറോമിന്റെ പിഎച്ച്ഡി റദ്ദാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
ചങ്ങമ്പുഴയുടെ ‘വാഴക്കുല’യെന്ന കവിതയാണ് വൈലോപ്പള്ളിയുടേതാണെന്നാണ് ചിന്തയുടെ ഗവേഷണ പ്രബന്ധത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. നാടുവാഴിത്വത്തിനെതിരായ പോരാട്ടത്തില്‍ കേരളത്തില്‍ ഏക്കാലത്തും പ്രതിപാദിപ്പിക്കുന്ന കവിതയാണ് വാഴക്കുല.
നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ വിഷയം. ഇംഗ്ലീഷ് സാഹിത്യത്തിലാണ് ചിന്ത ഗവേഷണം പൂര്‍ത്തിയാക്കി. 2021ലാണ് ചിന്തയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് പ്രിയദര്‍ശന്റെയും രഞ്ജിത്തിന്റെയും സിനിമകളെന്നൊക്കെ പറഞ്ഞ് വരുന്നതിനിടെയാണ് വാഴക്കുല എന്ന കവിതയിലേക്ക് എത്തുന്നത്. വാഴക്കുല ബൈ വൈലോപ്പിള്ളി എന്നാണ് ചിന്ത പരാമര്‍ശിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് ശാരദക്കുട്ടി രംഗത്ത് എത്തിയത്.
ഗവേഷകക്ക് മലയാളസാഹിത്യത്തില്‍ പ്രാഥമികമായ പരിജ്ഞാനം പോലും ഇല്ലാതെയാണ് ഗവേഷണത്തിന് ഒരുമ്പെട്ടിറങ്ങിയതെന്നും അവര്‍ പറഞ്ഞു.
എസ്. ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇപ്പോഴാണ് ഒരു പ്രബന്ധം യഥാര്‍ഥ Open defence ന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഇവിടെ ഗവേഷക എങ്ങനെ defend ചെയ്യുന്നു എന്നാണറിയേണ്ടത്. പ്രബന്ധത്തിലെ ഗുരുതരമായ പിഴവ് പ്രാഥമികമായി ഗവേഷകയുടെ ഉത്തരവാദിത്തമാണെങ്കിലും, ‘ഈ പ്രബന്ധം ഞാന്‍ പരിശോധിച്ച് , under my supervision and guidance ആണ് തയ്യാറാക്കിയത് ‘ എന്ന് Guide സാക്ഷ്യപ്പെടുത്തിയതിനു ശേഷമാണ് പ്രബന്ധം യൂണിവേഴ്‌സിറ്റിക്ക് സമര്‍പ്പിക്കപ്പെടുന്നത്.
ഗവേഷകക്ക് മലയാളസാഹിത്യത്തില്‍ പ്രാഥമികമായ പരിജ്ഞാനം പോലും ഇല്ലാതെയാണ് ഗവേഷണത്തിന് ഒരുമ്പെട്ടിറങ്ങിയതെന്ന വസ്തുത ഗവേഷണത്തിന്റെ ഒരു ഘട്ടത്തില്‍ പ്പോലും Guide ന് മനസ്സിലായില്ല എന്നത് അലട്ടുന്നുണ്ട്.
ഗൈഡിന്റെ കൃത്യാന്തര ബാഹുല്യങ്ങളൊന്നും ഈ പിഴവിനെ സാധൂകരിക്കുന്നതല്ല. പ്രബന്ധം വായിച്ച് നേരെ ചൊവ്വേ തിരുത്തിക്കൊടുക്കാന്‍ നേരമില്ലാത്തവര്‍ ഈ പണിക്ക് തുനിഞ്ഞിറങ്ങരുത്. മുഴുവന്‍ സമയ സമര്‍പ്പണം ആവശ്യമുള്ള ജോലിയാണത്.
പ്രബന്ധം വായിച്ച് പരിശോധിക്കുമ്പോള്‍ ഗുരുതരമായ പിഴവുകള്‍ കണ്ണില്‍ പെടാതെ പോകുന്നത് എങ്ങനെ എന്ന് മൂല്യനിര്‍ണ്ണയം നടത്തിയ അധ്യാപകരും വിശദീകരണം തരാന്‍ ബാധ്യസ്ഥരാണ്. സാധാരണ ഗതിയില്‍ ഓപണ്‍ ഡിഫന്‍സ് വേളയില്‍, പരിശോധനാ റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കപ്പെടുന്ന ചെറിയ തെറ്റുകള്‍ക്കു പോലും പരിശോധനാ കമ്മിറ്റി ചെയര്‍മാന്‍ ഗവേഷകയോട് വിശദീകരണം ചോദിച്ച് ന്യായമായ മറുപടി തേടാറുണ്ട്.
അവര്‍ ഈ മാതിരിയുള്ള പരമാബദ്ധങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടോ എന്ന് നിലവില്‍ വ്യക്തമല്ല. ചൂണ്ടിക്കാണിച്ചിരുന്നു എങ്കില്‍ open defence ല്‍ എത്തുന്നതിനു മുന്‍പ് അത് തിരുത്തപ്പെട്ടേനെ . അതും സംഭവിച്ചതായി കാണുന്നില്ല. തിരുത്തപ്പെട്ട തീസിസ് സമര്‍പ്പിച്ചാല്‍ മാത്രമേ സാധാരണ ഗതിയില്‍ ഇത് Open defence വരെ എത്താറുള്ളു. ഇവിടെ അങ്ങനെയൊന്നും സംഭവിച്ചതായി കാണുന്നില്ല ചില ചില ചോദ്യങ്ങള്‍ക്ക് പൊട്ടന്യായങ്ങള്‍ പറഞ്ഞ് open defence ല്‍ ചിലപ്പോള്‍ ഗവേഷകര്‍ തടി ഊരാറുണ്ട് എന്ന് സമ്മതിക്കുന്നു . ഇതു പക്ഷേ അങ്ങനെയല്ല .
ഇവിടെ സൂപര്‍വൈസിങ് ടീച്ചറുടെ ഗൈഡ്ഷിപ്പ് റദ്ദാക്കുകയാണ് യൂണിവേഴ്‌സിറ്റി ചെയ്യേണ്ടത്. ഗവേഷകയുടെ Ph.D റദ്ദ് ചെയ്ത് പ്രബന്ധം തെറ്റുതിരുത്തി സമര്‍പ്പിച്ച് പുന:പരിശോധനക്കു വിധേയമാക്കി ഡിഗ്രി അര്‍ഹമെങ്കില്‍ മാത്രം തിരിച്ചു കൊടുക്കുകയാണ് വേണ്ടത്.
തെറ്റുകള്‍ ഗവേഷണ പ്രബന്ധങ്ങളില്‍ ഉണ്ടാകരുത് . പക്ഷേ ഉണ്ടായേക്കാം. എന്നാല്‍ കണ്ടുപിടിക്കപ്പെട്ടാല്‍ മാതൃകാപരമായ നടപടി ഉണ്ടാകണം. കണ്ടു പിടിക്കപ്പെട്ടു എന്നത് , ഇതുവരെ ഒന്നിലും കണ്ടുപിടിക്കപ്പെട്ടിട്ടില്ലല്ലോ എന്നല്ല ന്യായീകരിക്കപ്പെടേണ്ടത്. കണ്ടുപിടിക്കപ്പെട്ടാല്‍ തിരുത്തപ്പെടുക തന്നെ വേണം.
1998ല്‍ എന്റെ Ph.D തീസിസിന് കൃത്യമായി നോട്ടെഴുതി കൊണ്ടു വരുകയും, മലയാളം ടൈപ്പിങ്ങിന്റെ തുടക്കകാലത്തെഴുതിയ ആ പ്രബന്ധത്തിലെ അക്ഷരത്തെറ്റുകള്‍ മുതല്‍ ചൂണ്ടിക്കാണിച്ച് തിരുത്തിക്കുകയും, ചോദ്യങ്ങള്‍ കൊണ്ട് ശരശയ്യയില്‍ കിടത്തുകയും , പരിശോധകര്‍ക്കു തോന്നിയ എല്ലാ ന്യായമായ സംശയങ്ങള്‍ക്കും എന്നെ കൊണ്ട് ഉത്തരം പറയിപ്പിക്കുകയും , ഒടുവില്‍ Ph.D ക്ക് റെക്കമെന്റ് ചെയ്യുകയും ചെയ്ത് ഒരു ചെയര്‍മാന്റെ ഉത്തരവാദിത്തമെന്തെന്ന് ബോധ്യപ്പെടുത്തിത്തന്ന M. M. ബഷീര്‍ സാറിനെ ഇന്ന് ഓര്‍മ്മിച്ചു പോകുന്നു.
Read more
എസ്. ശാരദക്കുട്ടി