യൂറോപ്യന്‍ പര്യടനം: മുഖ്യമന്ത്രിയും സംഘവും ഇന്ന് പുറപ്പെടും

യൂറോപ്യന്‍ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടങ്ങിയ സംഘവും ഇന്ന് രാത്രി പുറപ്പെടും. ഈ മാസം 12 വരെയാണ് സന്ദര്‍ശനം. ഡല്‍ഹിയില്‍ നിന്നും ഫിന്‍ലാണ്ടിലേക്കാണ് ആദ്യ യാത്ര. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടിയും ചീഫ് സെക്രട്ടറിയും ഒപ്പം ഉണ്ട്.

മന്ത്രിമാരായ പി രാജീവും വി അബ്ദു റെഹ്മനും തുടര്‍ന്നുള്ള നോര്‍വേ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രിയ്ക്ക് ഒപ്പമുണ്ടാകും. ബ്രിട്ടന്‍ സന്ദര്‍ശനത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജാകും മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പം ഉണ്ടാകുക.

സന്ദര്‍ശനത്തില്‍ വീഡിയോ കവറേജ് ഉണ്ടാകും. ഇന്ത്യന്‍ എംബസി മുഖേനെ ഏഴ് ലക്ഷം രൂപ ചെലവിട്ട് വീഡിയോ കാമറ സംഘത്തെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍ മുഖ്യമന്ത്രിയും സംഘവും നടത്തുന്ന വിദേശയാത്രയ്‌ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. കേരളം അത്ര ദരിദ്രമല്ലെന്നും വിദേശത്ത് പോകുന്നത് നല്ലതാണെന്നുമാണ് ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞത്.