കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികളുടെ അഭ്യര്‍ത്ഥനയില്‍ ഞെട്ടി പൊലീസ്; കുറ്റവാളികള്‍ അഴിക്കുള്ളിലായിട്ടും ദുരൂഹതകളേറെ; കൃത്യത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെന്ന് സംശയം

കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ പൊലീസിനോട് നടത്തിയത് വിചിത്രമായ അഭ്യര്‍ത്ഥന. തങ്ങളുടെ പ്രിയപ്പെട്ട നായകളെ പരിപാലിക്കാന്‍ ഒരു മാര്‍ഗം കണ്ടെത്തണം. ഉപേക്ഷിക്കപ്പെട്ടതുള്‍പ്പെടെയുള്ള നായകളെ വളര്‍ത്തുന്നത് പ്രതികളുടെ വിനോദമായിരുന്നു. നായകള്‍ക്ക് ബുദ്ധിമുട്ടുന്നത് ഇവര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്.

റിമാന്റിലായ പ്രതി പത്മകുമാറിനെ പൂജപ്പുര ജയിലിലും അനിത കുമാരിയും മകള്‍ അനുപമയും അട്ടക്കുളങ്ങര വനിതാ ജയിലിലുമാണ്. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. തിങ്കളാഴ്ച പ്രതികള്‍ക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും. തെങ്കാശിയില്‍ നിന്ന് പിടിയിലായ പ്രതികളെ അടൂര്‍ കെഎപി ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയത്.

അതേ സമയം കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ദുരൂഹതകള്‍ ബാക്കിയാണ്. സംഘത്തെ നേരില്‍ കണ്ട കുട്ടിയുടെ സഹോദരന്‍ പൊലീസിന് മൊഴി നല്‍കിയത് നാല് പേരുണ്ടായിരുന്നതായാണ്. കല്ലുവാതുക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രതീഷ് അഞ്ചംഗ സംഘത്തെയാണ് കണ്ടതെന്നും പൊലീസിന് മൊഴി നല്‍കിയിരുന്നു.

പത്മകുമാറും കുടുംബവും കൂടാതെ തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ കൂടുതല്‍ ആളുകള്‍ പ്രവര്‍ത്തിച്ചിരുന്നോ എന്ന സംശയവും ബലപ്പെ
ടുകയാണ്. നവംബര്‍ 28ന് പുലര്‍ച്ചെ പ്രതീഷും കുടുംബവും ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ പള്ളിക്കല്‍-പാരിപ്പള്ളി റോഡില്‍ പോകുമ്പോഴായിരുന്നു സംഘത്തെ കണ്ടത്. ആദ്യം കണ്ട വെള്ള കാറില്‍ രണ്ട് സ്ത്രീകളും ഒരു പുരുഷനും ഉണ്ടായിരുന്നു. പിന്നാലെ എത്തിയ നീല കാറില്‍ രണ്ട് പുരുഷന്മാരും ഒപ്പം ബൈക്കില്‍ ഒരു പുരുഷനും ഉണ്ടായിരുന്നതായാണ് പ്രതീഷിന്റെ മൊഴി.

തട്ടിക്കൊണ്ടുപോകലിനെ തുടര്‍ന്ന് അന്വേഷണത്തില്‍ ഒരു തുമ്പും കിട്ടാതെ വലഞ്ഞ പൊലീസ് സംഘത്തിന് പിടിവള്ളിയായത് കണ്ണനല്ലൂര്‍ സ്വദേശി നല്‍കിയ വിവരം ആയിരുന്നു. ആറ് വയസുകാരിയുടെ അമ്മയെ വിളിച്ച് മോചന ദ്രവ്യം ആവശ്യപ്പെട്ട ശബ്ദം താന്‍ മുന്‍പൊരിക്കല്‍ കേട്ട മറ്റൊരു ശബ്ദവുമായി സാദൃശ്യം ഉണ്ടെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയായ അബ്ദുല്‍ സമദ് പൊലീസിന് വിവരം നല്‍കുകയായിരുന്നു.

Read more

കേസിലെ രണ്ടാം പ്രതി അനിത കുമാരി കടം ചോദിച്ച് അയച്ച ശബ്ദ സന്ദേശം കുടുംബശ്രീ പ്രവര്‍ത്തകയിലൂടെയാണ് സമദിന് ലഭിച്ചത്. തുടര്‍ന്ന് സമദ് സന്ദേശം പൊലീസിന് കൈമാറി. രണ്ട് ശബ്ദവും ഒരാളുടേതാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് അന്വേഷണം പത്മകുമാറിലേക്കും കുടുംബത്തിലേക്കും തിരിഞ്ഞത്.