വിമാനത്തിന് വ്യാജ ബോംബ് ഭീഷണി സന്ദേശം; പാലക്കാട് സ്വദേശി അറസ്റ്റില്‍; സംഭവത്തിലെ ആദ്യ പ്രതി പിടിയില്‍

കരിപ്പുര്‍ വിമാനത്താവളത്തില്‍ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ച പ്രതി അറസ്റ്റില്‍. പാലക്കാട് ആനങ്ങാടി സ്വദേശി മുഹമ്മദ് ഇജാസാണ് അറസ്റ്റിലായത്. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അബൂദാബിയിലേക്ക് പോകേണ്ട എയര്‍ അറേബ്യ വിമാനത്തിന് ബോംബ് ഭീഷണി സന്ദേശമാണ് ഇയാള്‍ അയച്ചത്.

29 നാണ് ഇയാള്‍ വ്യാജ ബോംബ് ഭീഷണി സന്ദേശം കരിപ്പൂര്‍ എയര്‍പ്പോര്‍ട്ട് ഡയറക്ടര്‍ക്ക് ഇ മെയില്‍ വഴി അയക്കുന്നത്.കരിപ്പൂര്‍-അബുദാബി വിമാനം നിങ്ങള്‍ കാന്‍സല്‍ ചെയ്യണം അല്ലെങ്കില്‍ വിമാനം പൂര്‍ണമായും തകരും. വിമാനത്തിനകത്തുള്ള മുഴുവന്‍ യാത്രക്കാരുടെയും കുടുംബങ്ങളോട് നിങ്ങള്‍ മറുപടി പറയേണ്ടി വരും. അതുകൊണ്ട് നിങ്ങള്‍ വിമാനം അടുത്ത ദിവസത്തേക്ക് ഷെഡ്യൂള്‍ ചെയ്യണമെന്നുമായിരുന്നു ഭീഷണി.

സ്വന്തം മൊബൈല്‍ ഫോണില്‍ നിന്ന് തന്നെയാണ് ഇയാള്‍ ഭീഷണി സന്ദേശം അയച്ചത്. തുടര്‍ന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്ബാകെ ഹാജരാക്കി മഞ്ചേരി സബ് ജയിലില്‍ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.